

സണ്ണി ഡിയോള്‍, വരുണ്‍ ധവാന്‍, ദില്‍ജിത്ത് ദൊസഞ്ജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ബോര്‍ഡര്‍ 2 വിന് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ഇല്ല. റണ്‍വീര്‍ സിങ് നായകനായ ധുരന്ധറിനും ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് അനുമതി ലഭിച്ചിരുന്നില്ല.
ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ ചിത്രത്തിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ധുരന്ധറിനു സമാനമായി ബോര്‍ഡര്‍ 2 ഉം പറയുന്ന രാഷ്ട്രീയമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകളെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ടില്‍ പറയുന്നു.
1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ബോര്‍ഡര്‍ 2. 1997 ല്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ബോര്‍ഡറിന്റെ സീക്വല്‍ ആയാണ് ചിത്രം എത്തുന്നത്.
ഇന്ത്യയില്‍ U/A 13+ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കോ ആക്ഷനോ ഒരു കട്ട് പോലും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നില്ല. അതേസമയം, യുദ്ധവിമാനങ്ങളില്‍ നിന്ന് ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക മാറ്റാന്‍ നിര്‍ദേശിച്ചതായും, യുദ്ധക്കപ്പലിന്റെ പേര് 'കവാച്ച്' എന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി ജനുവരി 23 നാണ് ബോര്‍ഡര്‍ 2 റിലീസ് ചെയ്യുന്നത്.