
ഇന്ത്യന്‍ സിനിമകളില്‍ കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നാണ് അമിതാഭ് ബച്ചനെ നായകനാക്കി ചന്ദ്ര ബറോട്ട് സംവിധാനം ചെയ്ത ഡോണ്‍. 1978 ല്‍ പുറത്തിറങ്ങിയ ചിത്രം അമിതാഭ് ബച്ചന്റെ കരിയറിലെ മികച്ച സിനിമകളില്‍ മുന്‍പന്തിയിലുള്ളതാണ്.
ചന്ദ്ര ബറോട്ട് വിടവാങ്ങിയതോടെ ഓര്‍മയിലാകുന്നത് ഒരു ചരിത്രം കൂടിയാണ്. ഡോണ്‍ സിനിമാ ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് മുമ്പ് ചന്ദ്ര ബറോട്ട് പറഞ്ഞിരുന്നു. സാമ്പത്തികമായി തകര്‍ന്ന സുഹൃത്തും നിര്‍മാതാവുമായ നരിമാന്‍ ഇറാനിയെ രക്ഷിക്കാനായാണ് ചന്ദ്ര ബറോട്ട് ഡോണ്‍ സംവിധാനം ചെയ്യാനായി ഇറങ്ങിത്തിരിച്ചത്.
1972 ല്‍ പുറത്തിറങ്ങിയ സിന്ദഗി സിന്ദഗി' എന്ന ചിത്രത്തിലൂടെ കനത്ത നഷ്ടം ഇറാനിക്കുണ്ടായിരുന്നു. എന്നാല്‍, സിനിമ റിലീസ് ആകുന്നത് ആറ് മാസം മുമ്പ് നരിമാന്‍ ഇറാനി മരണപ്പെട്ടു. ഇതോടെ സിനിമയുടെ നിര്‍മാണ ചെലവുകളും അവതാളത്തിലായി.
റിലീസിന് വമ്പന്‍ സിനിമകളുമായിട്ടായിരുന്നു ഡോണിന് ഏറ്റുമുട്ടേണ്ടിയിരുന്നത്. യാഷ് ചോപ്രയുടെ 'തൃശൂല്‍', സത്യജിത് റേയുടെ 'സത്‌റഞ്ജ് കീ ഖിലാഡി', 'സത്യം ശിവം സുന്ദരം', പ്രകാശ് മെഹ്റയുടെ 'മുഖദ്ദര്‍ കാ സിക്കന്ദര്‍' എന്നീ ചിത്രങ്ങളുമായിട്ടായിരുന്നു നവാഗതനായ ബറോട്ടിന്റെ ഡോണ്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്.
നിര്‍മാതാവിന്റെ പെട്ടെന്നുള്ള മരണത്തോടെ, വലിയ രീതിയിലുള്ള പ്രമോഷനുകള്‍ സിനിമയ്ക്കായി നടത്താനായില്ല. 25 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഡോണ്‍ പൂര്‍ത്തിയാക്കിയത്. ഇറാനി മരിച്ചതോടെ സിനിമയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായി. എങ്കിലും നിശ്ചയിച്ച തീയതിയില്‍ തന്നെ അമിതാഭ് ബച്ചന്‍ ചിത്രം തിയേറ്ററുകളിലെത്തി.
ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണമായിരുന്നില്ല സിനിമയ്ക്ക് ലഭിച്ചത്. പലരും സിനിമ പരാജയം എന്ന് ഉറപ്പിച്ചു. ആ പരാജയത്തില്‍ നിന്നാണ് അമിതാഭ് ബച്ചന്‍ എന്ന നടനും ഡോണ്‍ എന്ന സിനിമയും ഉയര്‍ന്നു പറന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന സത്യം ഡോണ്‍ അടിവരയിട്ടുറപ്പിച്ചു. ഗംഭീരമായ സംഗീതവും സിനിമയ്ക്ക് ജനപ്രീതി നേടിക്കൊടുത്തു.
അമിതാഭ് ബച്ചന്‍ പാടി അഭിനയിച്ച 'ഖയികേ പാന് ബനാറസ് വാല' എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. രണ്ടാം ആഴ്ച മുതല്‍ സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു. റിലീസായ എല്ലാ തിയേറ്ററിലും 50 ആഴ്ചയാണ് സിനിമ ഓടിയത്. ഹൈദരാബാദില്‍ മാത്രം സിനിമ 75 ആഴ്ചയോളം പ്രദര്‍ശനം തുടര്‍ന്നു. ഗാനങ്ങളും മൗത്ത് പബ്ലിസിറ്റിയുമാണ് ഡോണിനെ വിജയിപ്പിച്ചതെന്ന് ബറോട്ട് പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്.
സിനിമയുടെ ഫൈനല്‍ കട്ടിന് മുമ്പ് നടന്‍ മനോജ് കുമാര്‍ നല്‍കിയ വിലപ്പെട്ട ഉപദേശങ്ങള്‍ വളരെ സഹായിച്ചിരുന്നതായും ബറോട്ട് അനുസ്മരിച്ചിരുന്നു. പരുക്കന്‍ സ്വഭാവത്തിലുള്ള സിനിമയെ ആകര്‍ഷിപ്പിക്കാന്‍ നല്ല പാട്ട് വേണമെന്ന വിലപ്പെട്ട നിര്‍ദേശം നല്‍കിയത് മനോജ് കുമാറാണ്. അമിതാഭ് ബച്ചന്‍ ആദ്യമായി സോളോ നായകനായി എത്തുന്ന സിനിമയും ഡോണ്‍ ആയിരുന്നു. ഇതും നവാഗത സംവിധായകന്‍ എന്ന നിലയില്‍ ബറോട്ടിന്റെ സമ്മര്‍ദം കൂട്ടി.
സിനിമ സൂപ്പര്‍ ഹിറ്റായതിനു ശേഷം ഇറാനിക്കു നല്‍കിയ ഉറപ്പും ബറോട്ട് പാലിച്ചു. ഇറാനിയുടെ എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തത് ഡോണ്‍ ആയിരുന്നു.