
താരസംഘടനയായ 'അമ്മ'യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ നടി കുക്കു പരമേശ്വരനെതിരെ നിയപരമായി നീങ്ങാന്‍ ഒരുങ്ങി താരങ്ങള്‍. സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടിയാണ് കുക്കു പരമേശ്വരന്‍ മെമ്മറി കാര്‍ഡ് മുക്കിയതെന്ന ആരോപണവും ഉണ്ട്. നടിമാരുടെ ദുരനുഭവം പറഞ്ഞ മെമ്മറികാര്‍ഡ് കൈയ്യില്‍ കരുതി കുക്കു മറ്റ് നടന്‍മാരെ വരുതിക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്നതായും ആക്ഷേപം. സംഘടനയില്‍ മെമ്മറി കാര്‍ഡ് വിഷയത്തില്‍ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
കുക്കു പരമേശ്വരന്‍ സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 'അമ്മ'യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്‌തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.
ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതെന്നും ഇവര്‍ മെമ്മറി കാര്‍ഡ് ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കാന്‍ തയ്യാറായില്ലെന്നും പൊന്നമ്മ ബാബു ആരോപിച്ചു. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ അംഗങ്ങളെ ഇതുവച്ച് ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. കുക്കുവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും അവര്‍ വ്യക്തമാക്കി.