'സങ്കൽപ'യിൽ തുടങ്ങിയ സിനിമായാത്ര, സ്വാതി തിരുനാളായി പകർന്നാടിയ അനന്ത് നാഗ്; ഇതിഹാസ നടന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം

കന്നഡ ജനങ്ങൾക്കാണ് അനന്ത് നാഗ് പുരസ്കാരം സമർപ്പിച്ചിരിക്കുന്നത്
'സങ്കൽപ'യിൽ തുടങ്ങിയ സിനിമായാത്ര, സ്വാതി തിരുനാളായി പകർന്നാടിയ അനന്ത് നാഗ്; ഇതിഹാസ നടന്  ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
Published on
Updated on

2024 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത കന്നഡ നടൻ അനന്ത് നാഗിന്. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. സെപ്റ്റംബർ 22ന് ഗുജറാത്തിലെ കേവാഡിയയിൽ വച്ച് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

പത്മഭൂഷൻ പുരസ്കാരത്തിന് പിന്നാലെയാണ് അനന്ത് നാഗിനെ തേടി ദാദാസാഹേബ് ഫാൽക്കെ പുരസ്കാരമെത്തുന്നത്. ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ കന്നഡ ചലച്ചിത്ര പ്രവർത്തകനാണ് നാഗ്. 1995ൽ ഇതിഹാസ താരം ഡോ. രാജ്കുമാറിനാണ് ഇതിനുമുമ്പ് കന്നഡയിൽ നിന്ന് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. 2008ൽ കർണാടകക്കാരനായ ഛായാഗ്രാഹകൻ വി.കെ. മൂർത്തിക്ക് ഫാൽക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും അത് ഹിന്ദി സിനിമയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്തായിരുന്നു.

'സങ്കൽപ'യിൽ തുടങ്ങിയ സിനിമായാത്ര, സ്വാതി തിരുനാളായി പകർന്നാടിയ അനന്ത് നാഗ്; ഇതിഹാസ നടന്  ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
പ്രതിഭയ്‌ക്ക് എക്സപയറി ഡേറ്റ് ഇല്ല! മൂന്ന് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും അടൂരും; 'പദയാത്ര' ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷകൾ

1948ൽ ഉത്തര കന്നഡയിലെ ഭട്‌കൽ താലൂക്കിലുള്ള ഷിരാലിയിലാണ് അനന്ത് നാഗ് എന്ന അനന്ത് നാഗർകട്ടെ ജനിച്ചത്. കന്നഡ, മറാത്തി, ഹിന്ദി, കൊങ്കണി നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ നാഗ്, 1973ൽ പുറത്തിറങ്ങിയ 'സങ്കൽപ' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി കന്നഡയിലെ മുഖ്യധാരാ സിനിമകളിലും സമാന്തര സിനിമകളിലുമായി മുന്നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ്. പ്രശസ്ത എഴുത്തുകാരൻ ആർ.കെ.നാരായണന്റെ കഥകളെ ആസ്പദമാക്കി നിർമിച്ച ജനപ്രിയ ദൂരദർശൻ പരമ്പരയായ 'മാൽഗുഡി ഡേയ്സിൽ' അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ ശങ്കർ നാഗ് ആണ് ഈ പരമ്പര സംവിധാനം ചെയ്തത്. തിരുവിതാംകൂർ മഹാരാജാവും സംഗീത പ്രതിഭയുമായിരുന്ന സ്വാതിതിരുനാളിന്റെ ജീവിതം പറഞ്ഞ ലെനിൻ രാജേന്ദ്രൻ ചിത്രത്തിൽ സ്വാതി തിരുനാളായി എത്തിയത് ആനന്ദ് നാഗാണ്.

1988 മുതൽ 1994 വരെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1994 ൽ ജനതാദൾ ടിക്കറ്റിൽ ബെംഗളൂരുവിലെ മല്ലേശ്വരം മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 1996 മുതൽ 1999 വരെ ജെ. എച്ച്. പട്ടേൽ മന്ത്രിസഭയിൽ ബെംഗളൂരു നഗരവികസന വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2004ൽ ചാമരാജ്‌പേട്ട് മണ്ഡലത്തിൽ നിന്ന് ജനതാദൾ സെക്യുലർ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കുറച്ചുകാലം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2023ൽ ബിജെപിയിൽ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ബിജെപി സംഘടിപ്പിച്ച പരിപടിയിൽ അദ്ദേഹം എത്താതിരുന്നതിനെത്തുടർന്ന് റദ്ദാക്കുകയായിരുന്നു.

'സങ്കൽപ'യിൽ തുടങ്ങിയ സിനിമായാത്ര, സ്വാതി തിരുനാളായി പകർന്നാടിയ അനന്ത് നാഗ്; ഇതിഹാസ നടന്  ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
വിദ്യാധരന്റെ 'ഭൂതക്കണ്ണാടി'യിൽ മമ്മൂട്ടിയെ നോക്കുമ്പോൾ; അഭിനയത്തിന്റെ മാസ്റ്റർക്ലാസ്!

കന്നഡ ജനങ്ങൾക്കാണ് അനന്ത് നാഗ് പുരസ്കാരം സമർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അദ്ദേഹത്തിന് ആശംസകൾ നേർന്നു.

News Malayalam 24x7
newsmalayalam.com