

കൊച്ചി: ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം സാഹസിക രംഗങ്ങളാൽ സമ്പന്നമായിരിക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ സൂചന നൽകിയിരുന്നതാണ്. ഇപ്പോഴിതാ ഇടുക്കി ജില്ലയിലെ കൊടുങ്കാടുകളിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിന്റെ സാഹസികമായ ചില രംഗങ്ങളുടെ ലൊക്കേഷൻ കാഴ്ചകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. ആക്ഷൻ രംഗങ്ങളിൽ അതീവ മികവ് പ്രകടിപ്പിക്കാറുള്ള യുവ നടൻ ആന്റണി വർഗീസ് (പെപ്പെ) അഭിനയിക്കുന്ന രംഗത്തിന്റെ ഏതാനും ഭാഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
വയലൻസ് രംഗങ്ങൾ കൊണ്ട് ഞെട്ടിച്ച 'മാർക്കോ'യ്‌ക്കു ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ് നിർമിക്കുന്ന 'കാട്ടാളൻ' പ്രേക്ഷകർ ഏറെ പ്രതീക്ഷ വച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഇന്ത്യയിലേയും വിദേശരാജ്യങ്ങളിലേയും മികച്ച സാങ്കേതിക പ്രവർത്തകരും, പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് 'കാട്ടാളൻ'. സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലാണ് തുടക്കം കുറിച്ചത്. സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടെ ആന്റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റിരുന്നു. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് ലോകനാഥ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും 'കിൽ' താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പുറത്തിറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ. രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.