

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കൾട്ട് ക്ലാസിക് ബോളിവുഡ് ചിത്രം 'ദേവ് ഡി' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഏപ്രിൽ 24നാണ് സിനിമയുടെ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാർ സ്റ്റുഡിയോസ് 18നുമായി സഹകരിച്ച് പിവിആർ ഐനോക്സ് ആണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
1917ലെ ശരത് ചന്ദ്ര ചതോപാധ്യായയുടെ പ്രശസ്ത നോവലായ 'ദേവദാസി'ന്റെ ആധുനിക ആവിഷ്കാരമായിരുന്നു ഈ അനുരാഗ് കശ്യപ് ചിത്രം. സിനിമയുടെ അവതരണശൈലിയും സംഗീതവും അക്കാലത്ത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അമിത് ത്രിവേദി ഒരുക്കിയ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. വിശേഷിച്ച് 'ഇമോഷണൽ അത്യാചാർ', 'പർദേസി' എന്നീ ട്രാക്കുകൾ.
അഭയ് ഡിയോൾ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദേവിനെ അവതരിപ്പിച്ചത്. മാഹി ഗിൽ, കൽക്കി കേക്ലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. അനുരാഗ് കശ്യപും വിക്രമാദിത്യ മോട്‌വാനിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. രാജീവ് രവി ആയിരുന്നു ഛായാഗ്രഹണം. റോണി സ്ക്രൂവാലയായിരുന്നു നിർമാണം.
അതേസമയം, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ബന്ദർ' മെയ് 22ന് പുറത്തിറങ്ങും. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയെടുത്ത ശേഷമാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന 'ബന്ദർ', 2025ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) പ്രദർശിപ്പിക്കുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബോബി ഡിയോൾ ആണ് ചിത്രത്തിലെ നായകൻ.