സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുള്ള അറബ് ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന 'ചത്ത പച്ച - റിംഗ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലൂടെയാണ് ഈ എമിറാത്തി ഇൻഫ്ലുവൻസർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ഖാലിദ് അൽ അമേരി പ്രത്യക്ഷപ്പെടുന്നത്.
ഇതിനോടകം തന്നെ ഖാലിദ് അൽ അമേരിയുടെ മലയാള സിനിമയിലെ അരങ്ങേറ്റം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ആഗോളതലത്തിൽ ശ്രദ്ധേയനായ ഖാലിദിന്റെ സിനിമാ പ്രവേശം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയോടും കേരളത്തോടും ഖാലിദിനുള്ള താൽപ്പര്യം മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നടൻ മമ്മൂട്ടിയുമായി അദ്ദേഹം നടത്തിയ അഭിമുഖം ഏറെ വൈറലായിരുന്നു.
ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൗഡി ആക്ഷൻ ഡ്രാമയാണ് 'ചത്ത പച്ചദി റിംഗ് ഓഫ് റൗഡീസ്'. റീൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ, രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ്.എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചങ്ക്സ്, വികൃതി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് ചിത്രത്തിൻ്റെ തിരക്കഥ. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) വിശാഖ് നായർ, സിദ്ദിഖ്, മുത്തുമണി, പുജ മോഹൻരാജ്, തെസ്നി ഖാൻ, സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുൻ (റോന്ത് ഫെയിം) തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.