
ചെന്നൈ: തമിഴ് സംവിധായകൻ വെട്രിമാരൻ നിർമിക്കുന്ന സിനിമ 'മാനുഷി'യിൽ സെൻസർ ബോർഡ് നിർദേശിച്ച 37 കട്ടുകൾ ന്യായമാണോ എന്ന് പരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് സിനിമ കാണണമെന്ന് അറിയിച്ചു. വെട്രിമാരന്‍ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഓഗസ്റ്റ് 24ന് ചെന്നൈയില്‍ സിനിമയുടെ സ്വകാര്യ പ്രദർശനം ഒരുക്കാനാണ് കോടതിയുടെ നിർദേശം. വെട്രിമാരന്റെ ഗ്രാസ്‌റൂട്ട് ഫിലിം കമ്പനി നിർമ്മിച്ച് ഗോപി നൈനാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആൻഡ്രിയ ജെറമിയയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മാനുഷി തിയേറ്ററിൽ റിലീസ് ചെയ്യാൻ 37 കട്ടുകൾ വരുത്തണമെന്ന സെൻസർ ബോർഡ് തീരുമാനം എതിർത്ത് രണ്ടാം തവണയാണ് വെട്രിമാരൻ ഹൈക്കോടതിയിലെത്തുന്നത്.
2024 സെപ്റ്റംബറിലാണ് സംഭവങ്ങളുടെ തുടക്കം. ഭീകരവാദിയെന്ന സംശയത്തില്‍ പിടിക്കപ്പെടുന്ന ഒരു സ്ത്രീ നേരിടുന്ന കസ്റ്റഡി പീഡനമാണ് മാനുഷിയുടെ കഥാപരിസരം. ഇത് മുഖ്യധാരാ ഇടതുപക്ഷം എന്ന രീതിയിൽ തീവ്ര കമ്മ്യൂണിസം അവതരിപ്പിക്കാനുള്ള ശ്രമമാണെന്നായിരുന്നു സെന്‍സർ ബോർഡിന്റെ കണ്ടെത്തല്‍. സിനിമ ഭരണകൂടത്തെ തെറ്റായി ചിത്രീകരിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സർ കട്ടുകള്‍ നിർദേശിച്ചത്.
2025 ജൂണില്‍ സെന്‍സർ ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്ത് വെട്രിമാരന്‍ റിട്ട് ഹർജി ഫയല്‍ ചെയ്തു. എതിർപ്പുകൾ വ്യക്തമാക്കാതെയും സിനിമയെ പ്രതിരോധിക്കാന്‍ അവസരം നല്‍കാതെയും സിബിഎഫ്‌സി സുതാര്യതയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഹർജി. സിനിമ പുനഃപരിശോധിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടുന്ന ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്നും വെട്രിമാരന്‍ ആവശ്യപ്പെട്ടിരുന്നു.
ചിത്രം വീണ്ടും അവലോകനം ചെയ്‌തെന്നും ആക്ഷേപകരമായ സീക്വൻസുകൾ പട്ടികപ്പെടുത്തിയെന്നുമാണ് ഈ ഹർജി പരിഗണിച്ച ഹൈക്കോടതിയെ സെന്‍സർ ബോർഡ് അറിയിച്ചത്. ജൂണിൽ ഹർജി തീർപ്പാക്കിയ കോടതി കേസിൽ കൂടുതൽ നിയമപരമായി മുന്നോട്ട് പോകാൻ നിർമാതാവിന് സ്വാതന്ത്ര്യമുണ്ടെന്നും അറിയിച്ചു.
ഇതിനു പിന്നാലെയാണ്, സെന്‍സർ ബോർഡിന്റെ എതിർപ്പുകൾ അമിതവും ഏകപക്ഷീയവുമാണെന്ന് വാദിച്ചുകൊണ്ട് വെട്രി മാരൻ വീണ്ടും കോടതിയില്‍ ഹർജി സമർപ്പിച്ചത്. 'സനിയൻ' പോലുള്ള ലളിതമായ സംഭാഷണങ്ങൾ പോലും നീക്കം ചെയ്യാൻ സെന്‍സർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു വെട്രിമാരന്റെ വാദം.
വെട്രിമാരന്റെ വാദങ്ങള്‍ കേട്ട കോടതി എതിർപ്പുകളുടെ സാധുത പരിശോധിക്കുന്നതിന് സെൻസർ ബോർഡ് അംഗങ്ങൾക്കൊപ്പം നേരിട്ട് സിനിമ കാണുക എന്നതാണ് ഏക പോംവഴി എന്ന് അഭിപ്രായപ്പെടുകയായിരുന്നു. സിനിമ ഡോ. ഡി.ജി.എസ്. ദിനകരൻ സാലൈയിലെ ഒരു സ്വകാര്യ തിയേറ്ററിൽ പ്രദർശിപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സിബിഎഫ്‌സി ഉദ്യോഗസ്ഥരുടെ ഹാജർ ഉറപ്പാക്കാൻ മുതിർന്ന കേന്ദ്ര സർക്കാർ പാനൽ അഭിഭാഷകൻ എ. കുമാരഗുരുവിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.