

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിൽ തുടക്കമായി. അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് നിർമിക്കുന്നത്. വിരമിച്ച കരസേനാ ഉദ്യോഗസ്ഥനായ മേജർ വിജയ് ഭാർഗവാണ് തിരക്കഥ ഒരുക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പൂജാച്ചടങ്ങ് നടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്നും ഇന്ത്യൻ സിനിമയ്ക്ക് ഇതൊരു ചരിത്രനിമിഷമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. സംവിധായകൻ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽനിന്നുള്ള വിശിഷ്ടവ്യക്തികളും പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം ഒമ്പത് ഭാഷകളിലായാണ് പ്രേക്ഷകരിലെത്തുക. ചിത്രത്തിന്റെ പേര് തൽക്കാലം രഹസ്യമാക്കി വച്ചിരിക്കുകയാണ്. സിനിമയുടെ ടൈറ്റിൽ പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആകുമെന്ന് അണിയറപ്രവർത്തകർ സൂചിപ്പിച്ചു.
ചിത്രത്തിന്റെ ഷൂട്ടിങ് വരും മാസങ്ങളിൽ ആരംഭിക്കും. രാജ്യത്തിന്റെ 81-ാം സ്വാതന്ത്ര്യദിനമായ 2027 ഓഗസ്റ്റ് 15ന് ചിത്രം വൻ റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.