"അന്ന ചെയ്യാമെന്ന് ഏറ്റിരുന്നില്ല, അവരോട് സംസാരിച്ചത് ആരെന്ന് അറിയില്ല"; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, ചർച്ചയാക്കി 'യവനകഥ' ഫാൻസ്

പ്രശസ്ത എഴുത്തുകാരൻ എൻ. മോഹനൻ ആദ്യമായി എഴുതിയ തിരക്കഥയാണ് 'അന്ന'
അന്ന പോസ്റ്റർ, അരവിന്ദ് സ്വാമി
അന്ന പോസ്റ്റർ, അരവിന്ദ് സ്വാമി
Published on: 
Updated on: 

ജോഷി സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിരുന്ന 'അന്ന' എന്ന ചിത്രം 30 വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇൻഡസ്ട്രി ഹിറ്റായി മാറിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിൽ 'അന്ന'യ്ക്കായി റെക്കോർഡ് ചെയ്ത 'യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ...' എന്ന ഗാനം ഉപയോഗിച്ചിരുന്നു. ഇതോടെയാണ് ജോഷിയുടെ നടക്കാതെപോയെ ചിത്രം പുതുതലമുറയിലെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായത്. അരവിന്ദ് സ്വാമിയും ശ്രീദേവിയുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ, ഇവരുടെ ഡേറ്റ് ലഭിക്കാത്തതിനാലും മറ്റ് കാരണങ്ങളാലും ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കഥകൾ.

എന്നാൽ ഇപ്പോഴിതാ, 'അന്ന' എന്നൊരു സിനിമ ചെയ്യാൻ ഏറ്റിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അരവിന്ദ് സ്വാമി. ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ 'ട്രൂലി റാം' എന്ന പോഡ്കാസ്റ്റിലാണ് വെളിപ്പെടുത്തൽ.

അന്ന പോസ്റ്റർ, അരവിന്ദ് സ്വാമി
പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

തമിഴിലും ഹിറ്റായി മാറിയ 'ബെത്ലഹേം കുടുംബ യൂണിറ്റി'നെപ്പറ്റിയും 'അന്ന'യിലെ പാട്ടിനെപ്പറ്റിയുമായിരുന്നു രാംകുമാറിന്റോ ചോദ്യം. ഇതിനുള്ള മറുപടിയായാണ് അങ്ങനൊരു സിനിമ ചെയ്യാനായി താൻ കരാർ ഒപ്പിട്ടിട്ടില്ലെന്ന് അരവിന്ദ് സ്വാമി പറഞ്ഞത്. "അന്ന എന്നൊരു ചിത്രത്തിനായി ഞാൻ കരാർ ഒപ്പിട്ടിട്ടില്ല. കമ്യൂണിക്കേഷനിൽ എന്തോ പ്രശ്നം നടന്നിട്ടുണ്ട്. ആ സിനിമയുടെ കഥയോ മറ്റ് കാര്യങ്ങളോ അറിയില്ല. ആ സമയത്ത് ഞാൻ ഈ ഇൻഡസ്ട്രിയിൽ പുതിയതാണ്. ഇതുപോലൊക്കെ നടക്കുമെന്ന് അന്ന് അറിയില്ല. ആ സിനിമ ഞാൻ ചെയ്യുമെന്ന് പറഞ്ഞ് അവരോട് സംസാരിച്ചത് ആരാണെന്ന് അറിയില്ല. ഞാൻ ആ സിനിമ ചെയ്യുമെന്ന് അവർ സ്വയം കരുതിയതാണോയെന്നും അറിയില്ല. ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടേയില്ല".- അരവിന്ദ് സ്വാമി പറഞ്ഞു.

'യവനകഥയിലെ' എന്ന ഗാനം വലിയ ഹിറ്റാണല്ലോ എന്ന ചോദ്യത്തിന് "കേട്ടിരുന്നു" എന്നായിരുന്നു നടന്റെ മറുപടി.

പ്രശസ്ത എഴുത്തുകാരൻ എൻ. മോഹനൻ ആദ്യമായി എഴുതിയ തിരക്കഥയാണ് 'അന്ന'. 'പുലിമുരുകൻ' പോലുള്ള ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച ടോമിച്ചൻ മുളകുപാടമാണ് വർഷങ്ങൾക്ക് മുൻപ് നടക്കാതെപോയ ഈ ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ അവകാശം എന്‍. മോഹനന്റെ കുടുംബത്തില്‍ നിന്ന് ടോമിച്ചന്‍ സ്വന്തമാക്കിയതായാണ് വിവരം.

ഒരു ബ്രാഹ്മണ യുവാവും അന്ന എന്ന ക്രിസ്ത്യൻ പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയായിരുന്നു ചിത്രം. ഈ സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ ഈണം നൽകി ഷിബു ചക്രവർത്തി എഴുതിയ എട്ട് ഗാനങ്ങൾ ആദ്യമേ റെക്കോർഡ് ചെയ്തിരുന്നു. അതിലൊന്നാണ് ഇപ്പോൾ വൈറലായ - ‘യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ’.

News Malayalam 24x7
newsmalayalam.com