ചട്ടം ലംഘിച്ച് ബംഗ്ലാദേശില്‍ ഷൂട്ടിംഗ്; ബംഗാളി സംവിധായകന് മൂന്ന് മാസം വിലക്ക്

യുവ ബംഗാളി സംവിധായകന്‍ റഹൂല്‍ മുഖര്‍ജിക്കാണ് വിലക്കേര്‍പ്പെടുത്തിയത്
റഹൂല്‍ മുഖര്‍ജി
റഹൂല്‍ മുഖര്‍ജി
Published on

ചട്ടം ലംഘിച്ച് വിദേശ രാജ്യത്ത് സിനിമ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് യുവ ബംഗാളി സംവിധായകന്‍ റഹൂല്‍ മുഖര്‍ജിക്ക് വിലക്ക്. അധികാരികളെ അറിയിക്കാതെ സംവിധായകന്‍ ബംഗ്ലാദേശില്‍ ഷൂട്ടിംഗ് നടത്തിയെന്ന് ആരോപിച്ച് ഫെഡറേഷന്‍ ഓഫ് സിനി ടെക്നീഷ്യന്‍സ് ആന്‍റ് വര്‍ക്കേഴ്സ് ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ (FCTWEI)യാണ് മൂന്ന് മാസത്തേക്ക് സിനിമ ചെയ്യുന്നതില്‍ നിന്ന് റഹൂലിനെ വിലക്കിയത്. ഇതേ തുടര്‍ന്ന് പ്രൊഡക്ഷന്‍ ഹൗസായ എസ്‌വിഎഫ് റഹൂലിന് പകരം സൗമിക് ഹൽദാറിനെ പുതിയ സംവിധായകനായി നിയമിച്ചു.

ചിത്രീകരണത്തിനായി ബംഗ്ലദേശ് സന്ദർശിക്കുന്നതിനെക്കുറിച്ച് റഹൂല്‍ മുഖർജി ഈസ്റ്റേൺ ഇന്ത്യ ഫെഡറേഷനെയോ ഡയറക്‌ടേഴ്‌സ് അസോസിയേഷനെയോ അറിയിച്ചിട്ടില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും എഫ്‌സിടിഡബ്ല്യുഇഐ പ്രസിഡൻ്റ് സ്വരൂപ് ബിശ്വാസ് പറഞ്ഞു.

Also Read:

പ്രൊസെൻജിത് ചാറ്റർജി, അനിർബൻ ഭട്ടാചാര്യ, പ്രിയങ്ക സർക്കാർ എന്നിവർ അഭിനയിക്കുന്ന പേരിടാത്ത ചിത്രത്തിൻ്റെ ഭാഗങ്ങളാണ് ബംഗ്ലാദേശില്‍ ചിത്രീകരിച്ചത്. സംവിധായകൻ്റെ നാട്ടിലെ അസാന്നിധ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹം ബംഗ്ലാദേശിലാണെന്ന് മനസ്സിലായത്. താൻ വിനോദസഞ്ചാരിയായാണ് എത്തിയതെന്നായിരുന്നു റഹൂൽ മുഖർജി ആദ്യം നൽകിയ വിശദീകരണമെന്ന് സ്വരൂപ് ബിശ്വാസ് പറഞ്ഞു. ഷൂട്ടിങ്ങിനായി അദ്ദേഹം ധാക്ക സിനിമാ മേഖലയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരുന്നുവെന്നും സ്വരൂപ് ബിശ്വാസ് കൂട്ടിച്ചേര്‍ത്തു.

2022-ല്‍ പുറത്തിറങ്ങിയ കിഷ്‌മിഷ് എന്ന റോംകോം ഹിറ്റിലൂടെ ശ്രദ്ധേയനായ റഹൂല്‍ മുഖര്‍ജി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തന്നെ പിന്തുണച്ച് കൊണ്ട് മുതിര്‍ന്ന സംവിധായകന്‍ അഞ്ജന്‍ ദത്ത് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് റഹൂല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു ഫിലിംമേക്കറെ ജോലിയിൽ നിന്ന് തടയുന്നത് തെറ്റും അധാർമ്മികവും നിയമവിരുദ്ധവുമാണെന്നാണ് അഞ്ജന്‍ ദത്തിന്‍റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com