'ടെക്നിക്കലി അത് ശരിയാണ്, അവാർഡ് പിൻവലിച്ചാൽ അംഗീകരിക്കും'; ആടുജീവിതത്തിനെതിരായ വിമർശനങ്ങളിൽ ബ്ലെസി

ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സർക്കാരും, അക്കാദമിയും, ജൂറിയുമാണ്
'ടെക്നിക്കലി അത് ശരിയാണ്, അവാർഡ് പിൻവലിച്ചാൽ അംഗീകരിക്കും'; ആടുജീവിതത്തിനെതിരായ വിമർശനങ്ങളിൽ ബ്ലെസി
Published on


2024-ൽ റിലീസ് ചെയ്ത ‘ആടുജീവിത’ത്തിന് 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി. വിമർശങ്ങൾ താൻ കേട്ടിരുന്നെന്നും, ടെക്നിക്കലി പറയുകയാണെങ്കിൽ അത് ശരിയാണെന്നും ബ്ലെസി പറഞ്ഞു. എന്നാൽ ഇത് ആരോപണം അല്ലെന്നും തെറ്റിനെ ചൂണ്ടി കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സർക്കാരും, അക്കാദമിയും, ജൂറിയുമാണ്. അവാർഡ് പിൻവലിക്കുകയാണെങ്കിൽ അതിൽ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും, തീരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കുമെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

ALSO READ: 16 വര്‍ഷത്തെ അധ്വാനം; നജീബായി ജീവിച്ച പൃഥ്വിക്ക് ജന്മനാടിന്‍റെ അംഗീകാരം

സംവിധായകൻ ബൈജു കൊട്ടാരക്കര, നിർമാതാവ് ഷിബു വി സുശീലൻ തുടങ്ങിയ സിനിമ പ്രവർത്തകർ അവാർഡ് നൽകിയതിനെതിരെ രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ വരെയുള്ള കാലയളവിൽ ഇറങ്ങിയ സിനിമകളെയാണ് 2024 ലെ അവാർഡിന് പരിഗണിക്കുന്നതെന്നും, 2024 മാർച്ച് 28 ന് റിലീസായ ആടുജീവിതം എങ്ങനെയാണ് 2023ലെ ജനപ്രിയ ചിത്രമാവുക എന്നതായിരുന്നു വിമർശനം. 2018നെ അവാർഡിനായി തെരഞ്ഞെടുക്കാത്തതിൽ പരോക്ഷ വിമർശനവുമായി സംവിധായകൻ ജൂഡ് ആന്റണിയും രംഗത്തെത്തിയിരുന്നു.

പൃഥ്വിരാജിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കും ബ്ലെസി മറുപടി നൽകി. വിമർശനങ്ങളെ ആ രീതിയിൽ കണ്ടാൽ മതി. ആളുകൾക്ക് സോഷ്യൽ മീഡിയ വഴി എന്ത് അഭിപ്രായവും പറയാം. അതിൽ വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ ശരി മറ്റുചിലർക്ക് തെറ്റാകാമെന്നും, ചിലരുടെ തെറ്റ് മറ്റുള്ളവർക്ക് ശരിയാകാമെന്നും പൃഥ്വിയുടെ അഭിനയം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com