
'ഭ്രമയുഗം' സിനിമയുടെ ഉള്ളടക്കങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെ നിര്‍മാതാക്കളായ നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ്. ഭ്രമയുഗം സിനിമയിലെ സംഗീതം, സംഭാഷണം, കഥാപാത്രം, കഥാപാത്രങ്ങളുടെ പേര് തുടങ്ങിയ എല്ലാ ഘടകത്തിനും കോപ്പിറൈറ്റ് ഉണ്ടെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. സിനിമയുടെ പേര്, ലോഗോ എന്നിവ ട്രേഡ് മാര്‍ക്ക് ചെയ്തിട്ടുള്ളതാണെന്നും വാണിജ്യ ആവശ്യങ്ങള്‍ക്കായി ചിത്രത്തിലെ സംഗീതമോ, കഥാപാത്രങ്ങളുടെ പേരോ രൂപമോ അനധികൃതമായി ഉപയോഗിക്കുന്നതിനെ നിയമപരമായി നേരിടുമെന്നും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലടെ വ്യക്തമാക്കി.
മമ്മൂട്ടിയെ 'കൊടുമണ്‍ പോറ്റി' എന്ന കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ ചെയ്ത ചിത്രം റിലീസായതിന് പിന്നാലെ ഭ്രമയുഗം തീമില്‍ ചില സ്കിറ്റുകള്‍, പരസ്യങ്ങള്‍ എന്നിവ പുറത്തുവന്നതിന് പിന്നാലെയാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾ, ഗാനങ്ങളുടെ കവർ പതിപ്പുകൾ ഉണ്ടാക്കുന്നതിന്, നാടകങ്ങൾ, സ്‌കിറ്റുകൾ, സ്റ്റേജ് പ്രോഗ്രാമുകൾ, ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പൊതു പരിപാടികളോ സ്വകാര്യ പരിപാടികളോ, തീം പാർട്ടികൾ, ആരാധകർ ഉണ്ടാക്കിയ ഉള്ളടക്കം എന്നിവയ്ക്കായി സിനിമിലെ കണ്ടൻ്റുകൾ ഉപയോഗിക്കണമെങ്കിൽ നിയമപരമായ അനുമതിയോ ലൈസൻസോ വാങ്ങണമെന്നാണ് നിർമാണ കമ്പനി അറിയിച്ചത്.
ഈ ഘടകങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും കലാകാരന്മാർ, സൃഷ്ടാക്കള്‍, ഇവന്റ് സംഘാടകർ അല്ലെങ്കിൽ വ്യാപാരികൾ നിയമപരമായി അനുമതിയോ ലൈസൻസോ മുൻകൂട്ടി വാങ്ങണം. ഇതിനായി info@nightshift.studios.in എന്ന മെയിലുമായി ബന്ധപ്പെട്ടാൽ മതിയെന്നും നിർമാതാക്കൾ അറിയിച്ചു.
മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി, അമല്‍ഡ ലിസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ, മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം ബ്ലാക്ക് ആന്‍റ് വൈറ്റിലാണ് ഒരുക്കിയത്.