എന്തുകൊണ്ട് കൂലിക്ക് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കി? മദ്രാസ് ഹൈക്കോടതിയില്‍ വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ്

സിനിമയിലെ കൂടുതല്‍ ഭാഗങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമെ കൂലിക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കൂ എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
Coolie Poster
കൂലി പോസ്റ്റർSource : X
Published on

രജനീകാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം മദ്രാസ് ഹൈക്കോടതിയില്‍ വിശദീകരിച്ച് സെന്‍സര്‍ ബോര്‍ഡ്. ജസ്റ്റിസ് ടി.വി. തമിള്‍സെല്‍വിയുടെ മുമ്പാകെ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ നടപടിക്രമം അനുസരിച്ച് സിബിഎഫ്‌സിയിലെ ഒരു ഉദ്യേഗസ്ഥനും വിവിധ മേഖലകളില്‍ നിന്നുള്ള നാല് അംഗങ്ങളും ഉള്‍പ്പെടുന്ന സമിതിയാണ് കൂലി ആദ്യം കണ്ടതെന്ന് കോടതി മുമ്പാകെ പറഞ്ഞു.

സിബിഎഫ്‌സിയുടെ 200 അംഗ പാനലില്‍ നിന്നാണ് ആ നാല് അംഗങ്ങളെ സിനിമ കാണാനായി തിരഞ്ഞെടുക്കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് മാത്രമെ നല്‍കാനാകൂ എന്ന് പരിശോധന സമിതി ഏകകണ്ഠമായി കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം കൂലിയുടെ നിര്‍മാതാക്കളായ സണ്‍ പികചേഴ്‌സിന്റെ പ്രതിനിധികളെ അറിയിച്ചപ്പോള്‍, സിബിഎഫ്സിയിലെ ഒരു ഉദ്യോഗസ്ഥനും വിവിധ മേഖലകളില്‍ നിന്നുള്ള ഒന്‍പത് അംഗങ്ങളും ഉള്‍പ്പെടുന്ന റിവൈസിംഗ് കമ്മിറ്റിക്ക് സിനിമ അയക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റിവൈസിംഗ് കമ്മിറ്റിയും കൂലിയില്‍ അക്രമാസക്തമായ രംഗങ്ങള്‍ ഉള്ളതിനാല്‍ മുതിര്‍ന്നവര്‍ക്ക് മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിച്ചു.

Coolie Poster
പുതിയ ഹൊറര്‍ ട്രീറ്റുമായി പ്രണവും രാഹുലും; 'ഡീയസ് ഈറേ' ടീസര്‍ എത്തി

"സിബിഎഫ്‌സിയുടെ ആദ്യ സമിതിയുടെ അഭിപ്രായം ഏകകണ്ഠമായിരുന്നു. പിന്നീട് സിനിമ കണ്ട റിവൈസിംഗ് കമ്മിറ്റിയുടെയും അഭിപ്രായം ഏകകണ്ഠമായിരുന്നു. രണ്ട് കമ്മിറ്റികളും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ല. അവര്‍ ആ അഭിപ്രായത്തില്‍ യോജിക്കുകയായിരുന്നു. സിനിമയിലെ കൂടുതല്‍ ഭാഗങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമെ കൂലിക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കൂ", എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉറപ്പിച്ചു പറഞ്ഞു.

മറുവശത്ത്, പ്രൊഡക്ഷന്‍ ഹൗസിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ജെ. രവീന്ദ്രന്‍ കൂലിക്ക് നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് സണ്‍ പിക്‌ചേഴ്‌സ് സ്വീകരിച്ചു എന്ന സിബിഎഫ്‌സിയുടെ വാദത്തെ നിരാകരിച്ചു. അതിനാല്‍ തന്നെ സര്‍ട്ടിഫിക്കേഷനെ ചോദ്യം ചെയ്യാനുള്ള അധികാരം പ്രൊഡക്ഷന്‍ ഹൗസിന് ഉണ്ടെന്നും അദ്ദേഹം വാദിച്ചു. സമീപകാലത്ത് കൂടുതല്‍ അക്രമങ്ങള്‍ ഉള്ള സിനിമകള്‍ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം സിബിഎഫ്‌സിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രൊഡക്ഷന്‍ ഹൗസ് സമര്‍പ്പിച്ച സിവില്‍ മിസിലേനിയസ് അപ്പീലില്‍ ജഡ്ജി തന്റെ ഉത്തരവ് മാറ്റി വെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com