
കൊച്ചി: മലയാള സിനിമയിൽ വീണ്ടും 'കത്രിക'വച്ച് സെൻസർ ബോർഡ്. 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാര ജേതാവായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'അവിഹിതം' എന്ന സിനിമയിലാണ് സെന്‍സർ ബോർഡ് മാറ്റങ്ങള്‍ നിർദേശിച്ചിരിക്കുന്നത്. നായികയെ 'സീത' എന്ന് വിളിക്കുന്ന ഭാഗം സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം.
ഷെയിന്‍ നിഗം നായകനായ 'ഹാല്‍' എന്ന ചിത്രത്തില്‍ സെന്‍സർ ബോർഡ് നിർദേശിച്ച മാറ്റങ്ങള്‍ വിവാദമായതിന് പിന്നാലെയാണിത്. 'ഹാല്‍' എന്ന സിനിമയില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും പൊലീസിനെയും സ്റ്റേറ്റിനേയും തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുമായ രംഗങ്ങളുണ്ടെന്നാണ് ബോർഡിന്റെ നിരീക്ഷണം. സിനിമയിലെ ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ പ്രയോഗങ്ങള്‍ സാംസ്കാരിക സംഘടനകളെ താഴ്ത്തിക്കെട്ടുന്നതാണെന്നും അവ നീക്കണമെന്നുമായിരുന്നു സെന്‍സർ ബോർഡിന്റെ നിർദേശം. ബീഫ് ബിരിയാണി കഴിക്കുന്ന സീന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ദ്രന്‍സ്-മീനാക്ഷി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'പ്രൈവറ്റ്' എന്ന ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിർദേശിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തുന്നതിന് ആദ്യം നിശ്ചയിച്ചിരുന്ന തീയതി. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം കടുപ്പിച്ചതോടെയാണ് റിലീസ് തീയതി നീണ്ടുപോയി. ഇതോടെ, സമ്മർദത്തെ തുടർന്ന് പൗരത്വ ബില്‍, ഹിന്ദി സംസാരിക്കുന്നവര്‍, ബിഹാര്‍, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു.
ഒക്ടോബർ 10ന് ആണ് 'അവിഹിതം' റിലീസ് ആയത്. "NOT JUST A MAN'S RIGHT" എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവരാണ് എഴുതിയത്. ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യുവുമാണ്. ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ - അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, മാർക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്). ഒക്ടോബർ പത്തിന് ചിത്രം പ്രദർശനത്തിനെത്തും.