

ഓസ്കാർ നാമനിർദേശം ലഭിച്ച 'ദ വോയ്സ് ഓഫ് ഹിന്ദ് റജബ്' ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. യുദ്ധത്തിനിടെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയായ അഞ്ച് വയസുകാരി ഹിന്ദ് റജബിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളെ ആസ്പദമാക്കി നിർമിച്ച ഡോക്യു-ഫിക്ഷൻ ചിത്രമാണിത്.
ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് 2024 ജനുവരിയിൽ ഗാസയിൽ വച്ച് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്രമണത്തിൽ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടപ്പോൾ കാറിനുള്ളിൽ കുടുങ്ങിയ ഹിന്ദ്, സഹായത്തിനായി റെഡ് ക്രസന്റ് സൊസൈറ്റിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് ചിത്രത്തിന്റെ കാതൽ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പെൺകുട്ടിയുടെ ശബ്ദം ഒറിജിനൽ റെക്കോർഡിങ്ങാണ്.
സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നത് ഇന്ത്യ -ഇസ്രയേൽ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയാണ് സെൻസർ ബോർഡ് പങ്കുവച്ചതെന്ന് ചിത്രത്തിന്റെ ഇന്ത്യൻ വിതരണക്കാരായ ജയ് വിരാത്ര എന്റർടെയ്‌ൻമെന്റിന്റെ തലവൻ മനോജ് നന്ദ്‌വാന പറയുന്നു. ചിത്രം "അങ്ങേയറ്റം സെൻസിറ്റീവ്" ആണെന്നാണ് ബോർഡിന്റെ നിലപാടെന്നും മനോജ് കൂട്ടിച്ചേർത്തു.
മാർച്ച് 16ന് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിനാൽ മാർച്ച് ആറിന് സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുകയായിരുന്നു വിതരണക്കാരുടെ ലക്ഷ്യം. ഫെബ്രുവരി 27ന് ചിത്രം സിബിഎഫ്‌സിക്ക് മുൻപാകെ സ്ക്രീനും ചെയ്തു. എന്നാൽ, ഇതിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല. ഇതോടെയാണ്, വെനീസ് ഫിലിം ഫെസ്റ്റിവലിൽ 20 മിനിറ്റ് നീണ്ടുനിന്ന സ്റ്റാൻഡിങ് ഓവേഷൻ നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനം പ്രതിസന്ധിയിലായത്.