ലാസ്റ്റ് ബെൽ അടിച്ചതും സ്കൂളീന്ന് ഇറങ്ങി ഓടി, വീടിന്റെ പടി ചാടി കടന്ന്, ബാഗ് വലിച്ചെറിഞ്ഞ്, യൂണിഫോം മാറ്റാൻ മെനക്കെടാതെ ടിവി ഓണാക്കി റെസിലിങ് കണ്ട ഒരു കാലം ഓർമയില്ലേ. ഇടിക്കൂട്ടിൽ ലെജൻഡ്സ് അഴിഞ്ഞാടിയ കാലം. ഈ ഇടി പ്രാന്ത് ഇപ്പോഴും ഉള്ളവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് വേണ്ടിയാണ് 'ചത്താ പച്ച' എന്ന് പറഞ്ഞ് മട്ടാഞ്ചേരിയിലെ വാൾട്ടറിന്റെ പിള്ളേർ ദേശി കോസ്റ്റ്യൂം ഗുസ്തിക്ക് ഇറങ്ങുന്നത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത സിനിമ റിങ്ങിൽ തീ പാറിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ്. പക്ഷേ ഈ ചതുരക്കട്ടയ്ക്ക് അപ്പുറം സിനിമയ്ക്ക് കാര്യമായൊന്നും പറയാനില്ല.
ഇനിയങ്ങോട്ട് ചെറിയ സ്പോയിലറുകൾ ചില ഉണ്ടായേക്കും. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!
'ചത്താ പച്ച : ദി റിംഗ് ഓഫ് റൗഡീസ്', നേരത്തെ പറഞ്ഞ പോലെ ഇത് റെസിലിങ് കണ്ട്, അറിഞ്ഞ് വളർന്ന കുറച്ച് പിള്ളേരുടെ കഥയാണ്. വളർന്നിട്ടും അടിയും പിടിയും വിട്ടുപോകാതെ ആകുമ്പോൾ അവർ മട്ടാഞ്ചേരിയിൽ കോസ്റ്റ്യൂം ഗുസ്തി അവതരിപ്പിക്കുന്നു. അവരുടെ ഫ്രൈഡെ ഫൈറ്റ് നൈറ്റുകളുടെ ആവേശമാണ് ഈ സിനിമയുടെ കേന്ദ്രം. ഇതിനിടയിൽ ഒരമ്മ പെറ്റതല്ലെങ്കിലും ഒരാളെ ആരാധിച്ച് വളർന്ന വെട്രി, സാവിയോ, ലിറ്റിൽ എന്നിവർക്കിടയിലെ ഇഴയടുപ്പത്തെപ്പറ്റി കൂടി പറഞ്ഞുവയ്ക്കുന്നുണ്ട് സിനിമ. അവരെ ചേർത്തു നിർത്തുന്നത് രണ്ട് ഐറ്റങ്ങളാണ്. ഒന്ന്, റെസിലിങ്. രണ്ട്, വാൾട്ടർ. എന്നാൽ, ഇവർക്കിടയിലെ സംഘർഷങ്ങൾക്ക് റിങ്ങിന് പുറത്ത് ചൂട് കൊടുക്കാൻ സിനിമയ്ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒന്നിങ്കിൽ നീ അല്ലെങ്കിൽ ഞാൻ എന്ന മട്ടിലുള്ള തല്ലുകൾക്ക് വേണ്ട ആവേശമുണ്ടാക്കാൻ സാധിക്കുന്നില്ല.
ആദ്യമായി സിനിമ പിടിക്കുന്ന ഒരാളാണ് അദ്വൈത് എന്ന് ഈ സിനിമ കണ്ടാൽ തോന്നില്ല. സിനിമയുടെ പരിചരണത്തിൽ തികഞ്ഞ കയ്യൊതുക്കം സംവിധായകനിലുണ്ട്. പക്ഷേ തിരക്കഥയിലേക്ക് വരുമ്പോൾ പുതിയ ഒരു കഥാപരിസരവും അത് സൃഷ്ടിക്കുന്ന നൊസ്റ്റാൾജിയയ്ക്കും അപ്പുറത്തേക്ക് പ്ലോട്ടിനെ കൊണ്ടുപോകാൻ സാധിക്കാത്തത് വലിയ പോരായ്മയാണ്. കഥാപാത്രങ്ങളെ ഒരു റെസിലിങ് മാച്ചിലെന്ന വിധം അവതരിപ്പിച്ചു കഴിഞ്ഞ ശേഷം കൈവിട്ട പോലെയാണ്. അവരിലേക്ക് അടുക്കാൻ കാണികളെ തിരക്കഥ അനുവദിക്കുന്നില്ല. അടുത്തറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണ് റോഷൻ മാത്യൂവിന്റെ വെട്രിയും അർജുൻ അശോകന്റെ സാവിയോയും ഇഷാൻ ഷൗക്കത്തിന്റെ ലിറ്ററിലും. ഇവർ മാത്രമല്ല, ഈ സിനിമയിൽ റിങ്ങിൽ ഇറങ്ങുന്ന എല്ലാവരേയും നമ്മൾ ശ്രദ്ധിക്കും. കാരണം അവർ തങ്ങളുടെ കഥാപാത്രങ്ങൾക്ക് വേണ്ടി നൂറ് ശതമാനം നൽകിയിട്ടുണ്ട്. കലൈ കിങ്സണിന്റെ ആക്ഷൻ കൊറിയോഗ്രഫി ആ നൂറിനെ ആയിരം ആക്കി തീർത്തിട്ടുമുണ്ട്. അത്, സ്ക്രീനിൽ പ്രകടമാണ്. ഫൈറ്റില്ലെങ്കിലും റോസ എന്ന കഥാപാത്രമായി എത്തിയ വേദികയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കും.
ശങ്കർ എഹ്‌സാൻ ലോയിയുടെ പാട്ടുകളും മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും ആക്ഷൻ രംഗങ്ങൾക്ക് പഞ്ച് കൊടുക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രന്റെ ഫ്രെയിമുകളും പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്ങും ഈ പഞ്ചിന് അനക്കം തട്ടാതെ സിനിമയെ ഉയർത്തുന്നു. പിന്നെ വാൾട്ടർ... സിനിമയുടെ ആദ്യാവസാനം മുഴങ്ങി കേൾക്കുന്ന പേര്. മട്ടാഞ്ചേരിയിൽ ഒരു ലെജൻഡ് ആയി മാറിയ കഥാപാത്രം. 'ഒരു ദിവസം ബിലാൽ കൊച്ചിയിൽ ഉണ്ടായിരുന്നു' എന്ന് പറയും പോലെ. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന 'ചത്താ പച്ച'യിലെ ക്യാമിയോ. നക്ഷത്ര തിളക്കമുള്ള 'എം'. എന്നാൽ ആ മെഗാ താരത്തിനെ വേണ്ട വിധം ഉപയോഗിക്കാൻ സിനിമയ്ക്ക് സാധിച്ചില്ല എന്ന് തോന്നി. ഇത് പിള്ളേരുടെ കളിയാക്കി നിർത്താമായിരുന്നുവെന്നും.
ഒരുകാര്യം ഉറപ്പാണ്, ഈ സിനിമ നിങ്ങളെ പഴയ റസിൽ മേനിയ കാലത്തേക്ക് ടൈം മെഷീനിൽ കയറ്റി കൊണ്ടുപോകും. പവർ സ്ലാമും ചോക്ക് സ്ലാമും 619ഉം ഒക്കെ കണ്ടാൽ പിന്നെ എങ്ങനെ ആ കാലത്തേക്ക് പറക്കാതിരിക്കും.