
നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: ദി ഇന്‍ട്രൊഡക്ഷന്റെ' ആദ്യ ഔദ്യോഗിക വീഡിയോ അപ്ഡേറ്റ് കുറച്ച് ദിവസം മുന്‍പാണ് പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പല തരത്തിലുള്ള ചര്‍ച്ചകളും സമൂഹമാധ്യമത്തില്‍ നടക്കുന്നുണ്ട്. ചിത്രത്തില്‍ രാമനായി എത്തുന്നത് ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ്. സീതയാവുന്നത് സായ് പല്ലവിയും. ഇതിനെതിരെ സമൂഹമാധ്യമത്തില്‍ വിദ്വേഷ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബീഫ് കഴിക്കുന്ന വ്യക്തിയാണോ രാമനായി എത്തുന്നത് എന്ന ചോദ്യമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. അതിനെതിരെ ഇപ്പോള്‍ ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയിരിക്കുകയാണ്.
"ദൈവത്തിന്റെ പേര് ഉപയോഗിക്കുന്ന ബാബാജി ഒരു റേപ്പിസ്റ്റാകാം, അയാള്‍ക്ക് ഭക്ത ഇന്ത്യയില്‍ വോട്ട് നേടാന്‍ പരോള്‍ ലഭിച്ചുകൊണ്ടിരിക്കാം. എന്നിരുന്നാലും ഒരാള്‍ എന്ത് കഴിക്കുന്നു എന്നത് ഒരു വലിയ പ്രശ്നമാണ്", എന്നാണ് ചിന്മയി എക്‌സില്‍ കുറിച്ചത്.
അതേസമയം, പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. ഇതുവരെ ഏകദേശം 835 കോടി രൂപ ചിത്രത്തിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നമിത് മല്‍ഹോത്രയുടെ തന്നെ ഉടമസ്ഥതയിലുള്ള വിഷ്വല്‍ എഫക്ട് കമ്പനിയായ ഡിഎൻഇജി ആണ് രാമായണത്തിനായി വിഎഫ്എക്സ് ഒരുക്കുന്നത്. എട്ട് തവണ മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള ഓസ്‌കാര്‍ നേടിയ പാരമ്പര്യവും ഈ കമ്പനിക്കുണ്ട്.
2026 ദീപാവലി റിലീസായാണ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തുക. രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ക്കു പുറമെ, വിവേക് ഒബ്‌റോയ്, രാകുല്‍ പ്രീത് സിങ്, ലാറ ദത്ത, കാജല്‍ അഗര്‍വാള്‍, രവി ദുബെ, കുനാല്‍ കപൂര്‍, അരുണ്‍ ഗോവില്‍, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.