

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡീസി'. അണുബോംബിന്റെ പിതാവെന്നറിയപ്പെടുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഓപ്പന്‍ഹൈമറി'ന് ശേഷം നോളന്‍ ഒരുക്കുന്ന ചിത്രമാണിത്. സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'ഒഡീസി'യുടെ അഞ്ച് മിനുട്ട് പ്രൊമോ ആണ് ഇപ്പോൾ ഓൺലൈനിൽ ചർച്ചാ വിഷയം.
അടുത്ത വർഷം ജൂലൈ 17ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന 'ഒഡീസി'യുടെ അഞ്ച് മിനുട്ട് ദൈർഘ്യമുള്ള പ്രോലോഗ് സിന്നേഴ്‌സ്, വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്നീ ചിത്രങ്ങൾക്കൊപ്പം, ഡിസംബർ 12ന്, ഐമാക്സ് 70എംഎം സ്ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തെരഞ്ഞെടുത്ത തിയേറ്ററുകളിലാണ് എക്സ്റ്റെൻഡഡ് ട്രെയ്‌ലർ എന്ന് വിശേഷിപ്പിക്കാവുന്ന ദൃശ്യങ്ങൾ സ്ക്രീൻ ചെയ്തത്. എന്നാൽ, ഈ പ്രോലോഗ് ഓൺലൈനിൽ ലീക്ക് ആയി.
വളരെ പെട്ടെന്നാണ് 'ഒഡീസി'യുടെ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരു ദൃശ്യവിസ്മയം തന്നെയാണ് നോളൻ അണിയിച്ചൊരുക്കുന്നതെന്നാണ് പ്രോലോഗ് കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'നൂറ്റാണ്ടിന്റെ സിനിമ' എന്ന് കുറിച്ചാണ് മറ്റ് ചിലർ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. ഐമാക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രീകരിച്ച ചലച്ചിത്രത്തിന്റെ സിനിമാറ്റിക് അനുഭവം നശിപ്പിക്കരുതെന്നാണ് നോളൻ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിക്കുന്നത്.
ട്രോജന്‍ യുദ്ധത്തിൽ ഗ്രീസിന്റെ നിര്‍ണായക വിജയം ഉറപ്പാക്കിയ ശേഷം ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ ദീര്‍ഘവും ദുര്‍ഘടവുമായ മടക്കയാത്രയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഇത്താക്കയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് 'ഒഡീസി'യുടെ ഇതിവൃത്തം.
മാറ്റ് ഡാമണ്‍, ടോം ഹോളണ്ട്, സെന്‍ഡയ, അന്ന ഹാത്ത്‌വേ, റോബർട്ട് പാറ്റിൻസൺ, ചാൾസ് തെറോൺ, ബെന്നി സാഫ്ദി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഡിസംബർ 19ന് റിലീസ് ആകുന്ന ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന ചിത്രത്തിനൊപ്പവും തെരഞ്ഞെടുത്ത ഐമാക്സ് സ്ക്രീനുകളിൽ 'ഒഡീസി' പ്രോലോഗ് പ്രദർശിപ്പിക്കും.