
ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ദി ഒഡീസി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഒന്നിലധികം ഭൂഗണ്ഡങ്ങളിലായി ആറ് മാസമാണ് സംവിധായകന്‍ ദി ഒഡീസി ചിത്രീകരിച്ചത്. മാറ്റ് ഡാമണ്‍, ടോം ഹോളണ്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ദി ഒഡീസി, ക്രിസ്റ്റഫര്‍ നോളന്റെ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ്. 250 മില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ കലാ സംവിധായികയായ സമാന്ത എംഗ്ലെന്‍ഡര്‍ ആണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം സ്ഥിരീകരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ 'ഇറ്റ്‌സ് എ റാപ്പ്' എന്ന് കുറിച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം പങ്കുവെച്ചത്. 2025 ഫെബ്രുവരിയിലാണ് ദി ഒഡീസിയുടെ ചിത്രീകരണം ആരംഭിച്ചത്. ഇറ്റലി, മാള്‍ട്ട, മൊറോക്കോ, ഗ്രീസ്, സ്‌കോട്ട്‌ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, വെസ്‌റ്റേണ്‍ സഹാറ, ലോസ് ഏഞ്ചിലസ് എന്നിവടങ്ങളിലായാണ് ചിത്രീകരണം നടന്നത്.
ഹോമറിന്റെ പുരാതന ഗ്രീക്ക് കവിതയെ ആസ്പദമാക്കിയാണ് ദി ഒഡീസി ഒരുങ്ങുന്നത്. ഇത്താക്കയിലെ രാജാവായ ഒഡീഷ്യസിന്റെ ഐതിഹാസിക യാത്രയാണ് ചിത്രത്തില്‍ പറഞ്ഞുവെക്കുന്നത്. ബിസി എട്ടാം നൂറ്റാണ്ടില്‍ നടക്കുന്ന കഥ, തെക്കന്‍ യൂറോപ്പിലൂടെയും വടക്കേ ആഫ്രിക്കയിലൂടെയും ഒഡീഷ്യസ് നടത്തിയ യാത്രയെ പിന്തുടരുന്നു.
പുതുതായി വികസിപ്പിച്ചെടുത്ത ഐമാക്‌സ് ക്യാമറയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഡണ്‍കിര്‍ക്ക്, ടെനെറ്റ്, ഓപ്പണ്‍ഹൈമര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഛായാഗ്രഹകന്‍ ഹോയ്റ്റ് വാന്‍ ഹോയ്റ്റ്മ വീണ്ടും നോളനൊപ്പം ഒന്നിച്ചിരിക്കുകയാണ് ഒഡീസിയില്‍.
ഒഡീഷ്യസ് ആയി ചിത്രത്തില്‍ എത്തുന്നത് മാറ്റ് ഡാമണ്‍ ആണ്. ടോം ഹോളണ്ട് ടെലിമക്കാസും ആന്‍ ഹാതവെ പെനോപ്പായും വേഷമിടുന്നു. സെന്‍ഡയ, ലുപിറ്റ ന്യോങ്കോ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ജോണ്‍ ബെര്‍ന്താല്‍, ബെന്നി സഫ്ഡി, ജോണ്‍ ലെഗുയിസാമോ, എലിയറ്റ് പേജ്, ഹിമേഷ് പട്ടേല്‍, സാമന്ത മോര്‍ട്ടണ്‍, മിയ ഗോത്ത്, കോറി ഹോക്കിന്‍സ്, ബില്‍ ഇര്‍വിന്‍, ജെസ്സി ഗാര്‍സിയ, വില്‍ യുന്‍ ലീ, റാഫി ഗാവ്റോണ്‍, ഷിലോ ഫെര്‍ണാണ്ടസ്, നിക്ക് ഇ. താരാബെ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 2026 ജൂലൈ 17നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.