
നടന്‍ ആസിഫ് അലിയില്‍ നിന്ന് മൊമെന്‍റോ സ്വീകരിക്കാന്‍ മടികാട്ടിയ സംഗീത സംവിധായകന്‍ രമേഷ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കൊച്ചിയില്‍ നടന്ന മനോരഥങ്ങള്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് വേദിയിലായിരുന്നു സംഭവം. എം.ടി വാസുദേവന്‍ നായരുടെ 9 തിരക്കഥകള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന ചലച്ചിത്ര സമാഹാരത്തില്‍ ജയരാജ് സംവിധാനം ചെയ്ത 'സ്വര്‍ഗം തുറക്കുന്ന സമയം' സിനിമയ്ക്ക് സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു.
ട്രെയിലര്‍ ലോഞ്ചിന് ശേഷം നടന്ന അണിയറ പ്രവര്‍ത്തരെ ആദരിക്കുന്ന ചടങ്ങില്‍ മൊമെന്‍റോ നല്‍കുമ്പോള്‍ രമേഷ് നാരായണനെ വേദിയിലേക്ക് അവതാരക ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് അല്‍പ്പസമയത്തിനകം ക്ഷമാപണത്തോടെ രമേഷ് നാരായണന് മൊമെന്‍റോ നല്‍കാന്‍ നടന്‍ ആസിഫ് അലിയെ അവതാരക ജ്യുവല്‍ മേരി ക്ഷണിച്ചെങ്കിലും രമേഷ് നാരായണന്‍ തന്‍റെ നീരസം പ്രകടമാക്കി. തുടര്‍ന്ന് ആസിഫ് അലിയില്‍ നിന്ന് മൊമെന്‍റോ വാങ്ങിയെങ്കിലും ഹസ്തദാനം നല്‍കുകയോ മുഖത്ത് നോക്കുകയോ ചെയ്തില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി രമേഷ് നാരായണന്‍ വീണ്ടും മൊമെന്‍റോ ഏറ്റുവാങ്ങുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഗീത സംവിധായകനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തി. ആസിഫ് അലിയെ അപമാനിക്കുന്ന പ്രവൃത്തിയാണ് രമേഷ് നാരായണനില്‍ നിന്ന് ഉണ്ടായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
പ്രിയദര്‍ശന്‍, രഞ്ജിത്ത്, സന്തോഷ് ശിവന്‍, ശ്യാമ പ്രസാദ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, ജയരാജ്, എം.ടിയുടെ മകള്‍ അശ്വതി എന്നിവര്‍ സംവിധാനം ചെയ്ത ഒന്‍പത് സിനിമകളാണ് മനോരഥങ്ങള്‍ എന്ന പേരില്‍ ഓഗസ്റ്റ് 15-ന് സീ ഫൈവിലൂടെ റിലീസ് ചെയ്യുന്നത്.