കൊച്ചി: രണ്ട് വർഷം മുന്‍പ് തെലുങ്ക് സൂപ്പർ താരം പവന്‍ കല്യാണിന്റെ ജന്മദിനത്തിലാണ് 'ദേ കാള്‍ ഹിം ഒജി' യുടെ പ്രഖ്യാപന ടീസർ പുറത്തിറക്കിയത്. എന്നാല്‍ പിന്നീട് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ചിത്രം വൈകി. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പവന്‍ കല്യാണ്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പക്ഷേ സിനിമ കാണാന്‍ നിങ്ങള്‍ 'വലിയ വില' നല്‍കേണ്ടി വരും.
സെപ്റ്റംബർ 25നാണ് സുജീത് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഉപമുഖ്യമന്ത്രിയുടെ ചിത്രത്തിനായി ആന്ധ്രാ സർക്കാർ ഇറക്കിയ സർക്കാർ ഉത്തരവാണ് ഇപ്പോള്‍ ചർച്ചാ വിഷയം. ഒജി റിലീസ് ചെയ്ത് ആദ്യ പത്ത് ദിവസത്തെ ടിക്കറ്റ് വില ഉയർത്താന്‍ സർക്കാർ അനുമതി നല്‍കി. അവിടെയും തീരുന്നില്ല. ടിക്കറ്റിന് 1000 രൂപ വിലയിട്ട് ബെനിഫിറ്റ് ഷോകള്‍ നടത്താനും ആന്ധ്രാപ്രദേശ് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.
സെപ്റ്റംബർ 25ന് ഒരു മണി മുതല്‍ ബെനിഫിറ്റ് ഷോകള്‍ ആരംഭിക്കും. ഒരു മണിക്ക് ശേഷം 11 മണിക്കാകും അടുത്ത സ്ക്രീനിങ്. ഒരു ദിവസം അഞ്ച് ബെനിഫിറ്റ് ഷോകളില്‍ കൂടുതല്‍ നടത്താന്‍ പാടില്ലെന്നാണ് സർക്കാർ നിർദേശം.
സിംഗിൾ സ്‌ക്രീനുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും ചിത്രം റിലീസ് ചെയ്യുന്ന ആദ്യ പത്ത് ദിവസങ്ങളിൽ ടിക്കറ്റ് വില വർധിപ്പിക്കാനും സർക്കാർ അനുമതി നല്‍കിട്ടുണ്ട്. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ നാല് വരെ സിംഗിൾ സ്‌ക്രീനുകൾക്ക് 125 രൂപയും മൾട്ടിപ്ലക്‌സുകൾക്ക് 150 രൂപയും ആകും ടിക്കറ്റ് വിലയായി ഈടാക്കുക. വില ഉയർന്നിട്ടും തങ്ങളുടെ പ്രിയ താരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ആരാധകർ.
സുജീത് സംവിധാനം ചെയ്യുന്ന ചിത്രം ഡിവിവി പ്രൊഡക്ഷന്‍ ആണ് നിർമിക്കുന്നത്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഒജി. പ്രിയങ്ക മോഹൻ, അർജുൻ ദാസ്, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. തമൻ എസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.