ന്യൂ ഡൽഹി: പ്രാദേശിക ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റവുമായി ധനുഷ്-കൃതി സനോൺ ചിത്രം 'തേരേ ഇഷ്ക് മേം'. 50 കോടി രൂപയ്ക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്ത്. വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നവംബർ 28ന് ആണ് സിനിമ റിലീസ് ആയത്.
ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദുമായി തമിഴ് സൂപ്പർ താരം ധനുഷ് ഒന്നിക്കുന്ന മൂന്നാം ചിത്രമാണിത്. രാഞ്ജന, അതിരംഗി രേ എന്നീ ചിത്രങ്ങളിലാണ് ഇതിന് മുൻപ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്.
ബോക്സ്‌ഓഫീസ് കളക്ഷൻ ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, റീലിസ് ആയി ആദ്യ ദിനം തന്നെ 16 കോടി രൂപയാണ് 'തേരേ ഇഷ്ക് മേം' കളക്ട് ചെയ്തത്. സിനിമയുടെ ഹിന്ദി വേർഷൻ 15.25 കോടി രൂപയും തമിഴ് പതിപ്പ് 75 ലക്ഷം രൂപയുമാണ് നേടിയത്. ശനി-ഞായർ ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയർന്നു. ശനിയാഴ്ച 17 കോടി രൂപയും ഞായറാഴ്ച 18.75 കോടി രൂപയുമാണ് ധനുഷ് ചിത്രത്തിന്റെ കളക്ഷൻ.
ആനന്ദ് എല്‍ റായിയുടെ പ്രൊഡക്ഷൻ ഹൗസും ടി-സീരിസിന്റെ ബാനറില്‍ ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ് 'തേരേ ഇഷ്ക് മേം' നിർമിച്ചിരിക്കുന്നത്. സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ആണ് സംഗീത സംവിധാനം. ഹിമാൻഷു ശർമയും നീരജ് യാദവും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്.