കൊച്ചി: പൊങ്കൽ ദിനത്തോടനുബന്ധിച്ച് തന്റെ 54ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് തമിഴ് സൂപ്പർ താരം ധനുഷ്. 'കര' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. 'പോർ തൊഴിൽ' എന്ന ക്രൈം ത്രില്ലറിന് ശേഷം വിഗ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ടൈറ്റിലിന് ഒപ്പം ധനുഷിന്റെ തീക്ഷ്ണമായ ലുക്കിലുള്ള ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സഹനിർമാണം- കുഷ്മിത ഗണേഷ്.
ജി.വി. പ്രകാശ് കുമാർ ആണ് സിനിമയുടെ സംഗീതം. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീജിത്ത് സാരംഗ് ആണ്. ആൽഫ്രഡ് പ്രകാശും വിഗ്നേഷ് രാജയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ധനുഷിന് പുറമേ, മമിത ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2025 ജൂലൈയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ തുടങ്ങും. 2026 ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.
ആനന്ദ് എൽ റായ് സംവിധാനം ചെയ്ത 'തേരേ ഇഷ്ക് മേം' ആണ് ധനുഷിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. ആനന്ദുമായി ധനുഷ് ഒന്നിച്ച മൂന്നാം ചിത്രമാണിത്. കഴിഞ്ഞ വർഷം നവംബർ 28ന് റിലീസ് ആയ ചിത്രത്തിൽ കൃതി സനോൺ ആണ് നായിക. 200 കോടി രൂപയ്ക്ക് അടുത്താണ് സിനിമ വേൾഡ് വൈഡ് കളക്ട് ചെയ്തത്.