

മുപ്പത്തിയൊന്നാം ദിവസവും ജൈത്രയാത്ര തുടര്‍ന്ന് ആദിത്യ ധര്‍ സംവിധാനം ചെയ്ത രണ്‍വീര്‍ കപൂര്‍ ചിത്രം ധുരന്ധര്‍. ആഗോള ബോക്‌സ് ഓഫീസില്‍ 1200 കോടി കളക്ഷന്‍ നേടി മുന്നേറ്റം തുടരുകയാണ് ചിത്രം. ഡിസംബര്‍ 5 നായിരുന്നു ചിത്രം റിലീസ് ആയത്.
ആഗോള ബോക്‌സ് ഓഫീസില്‍ 1200 കോടി പിന്നിടുന്ന അഞ്ചാമത്തെ ചിത്രമാണ് ധുരന്ധര്‍. ഇതോടെ യാഷിന്റെ കെജിഎഫ് 2 ന്റെ റെക്കോര്‍ഡും ധുരന്ധര്‍ മറികടന്നു. ഇന്ത്യയിലും ധുരന്ധര്‍ തേരോട്ടം തുടരുകയാണ്. അഞ്ചാമത്തെ ആഴ്ച മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കളക്ഷന്‍ 33 കോടി രൂപയാണ്. അഞ്ചാം വാരാന്ത്യത്തില്‍, മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 33 കോടിയിലധികം വരുമാനം നേടി. ആദ്യ കണക്കുകള്‍ പ്രകാരം, മൊത്തം ആഭ്യന്തര വരുമാനം 772.25 കോടി രൂപയും 31 ദിവസങ്ങള്‍ക്ക് ശേഷം ഗ്രോസ് 926.7 കോടി രൂപയുമായി.
അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്, ഇക്കിസ്, തു മേരി മേന്‍ തേരാ മേന്‍ തേരാ തു മേരി തുടങ്ങിയ പുതിയ റിലീസുകളുടെ മത്സരം ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ ധുരന്ധറിന് കഴിഞ്ഞു.
ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് 'ധുരന്ധര്‍' ഒരുക്കിയിരിക്കുന്നത്. രണ്‍വീര്‍ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, ആര്‍. മാധവന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാറാ അര്‍ജുന്‍ ആണ് ചിത്രത്തിലെ നായിക.
റെക്കോര്‍ഡ് തുകയ്ക്ക് ധുരന്ധറിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജനുവരി 30ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 130 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ സ്ട്രീമിങ് അവകാശം വിറ്റുപോയിരിക്കുന്നത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീല്‍ ആണിത്. ഇതോടെ, അല്ലു അര്‍ജുന്റെ 'പുഷ്പ 2: ദ റൂള്‍' എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രത്തിന്റെ റെക്കോര്‍ഡ് 'ധുരന്ധര്‍' മറികടന്നു. 275 കോടി രൂപയ്ക്കാണ് 'പുഷ്പ'യുടെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് 19ന് ധുരന്ധറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.