

ചിരി മനുഷ്യന്റെ ആയുസ് കൂട്ടുമെന്നാണ് പഴമൊഴി. ഇത് ശരിയാണെങ്കിൽ മലയാളിയുടെ ആയുർദൈർഘ്യത്തിൽ ജഗതി ശ്രീകുമാർ എന്ന നടന് വലിയ പങ്കുണ്ട്. "ചിരിക്കില്ലടോ" എന്ന് പിടിവാശിപിടിച്ചിരിക്കുന്ന കഠോര ഹൃദയർ ജഗതി സ്ക്രീനിൽ എത്തിയാൽ മനസാൽ ഒന്ന് തയ്യാറെടുക്കും. ഏത് നിമിഷം വേണമെങ്കിലും തന്റെ ഗൗരവത്തിന്റെ മുഖംമൂടി വലിച്ചു കീറിക്കൊണ്ട് ജഗതി ആ 'ഐറ്റം' പുറത്തെടുത്തേക്കുമെന്ന് അയാൾക്ക് അറിയാം. പിന്നെ, ചിരി അടക്കാൻ പറ്റില്ല. അംഗപ്രത്യംഗം ഹാസ്യരസങ്ങൾ നിറയ്ക്കാൻ ജഗതിക്ക് സാധിക്കും. അസ്വാഭാവികമാം വിധം സ്വാഭാവികമായി അവ അവതരിപ്പിക്കാനും. അതുകൊണ്ടാണ് മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. ചിരിയുടെ ആ 'അമ്പിളി'തിളക്കത്തിന് ഇന്ന് 75ാം പിറന്നാളാണ്.
നാടക രചയിതാവ്, ഹാസ്യസാഹിത്യകാരൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ജഗതി എൻ കെ ആചാരിയുടേയും പൊന്നമ്മാളിന്റേയും മൂത്ത മകനായി 1951 ജനുവരി അഞ്ചിനാണ് ശ്രീകുമാർ ജനിച്ചത്. ഒരു വെളുത്തവാവിനായിരുന്നു ജനനം. ആ പൂർണചന്ദ്രന്റെ ഓർമയ്ക്കാണ് ശ്രീകുമാറിനെ വീട്ടുകാർ 'അമ്പിളി' എന്ന് വിളിച്ചത്. ആ വിളി കൂട്ടുകാരും സഹപ്രവർത്തകരും ഏറ്റെടുത്തു. അടുത്തറിയുന്നവർക്ക് ജഗതി ശ്രീകുമാർ 'അമ്പിളിച്ചേട്ടൻ' ആണ്.
അച്ഛന്റെ നാടകങ്ങളായിരുന്നു കലാ ലോകത്തേക്കുള്ള കിളിവാതിൽ. തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിക്കുമ്പോഴാണ് നാടകത്തിൽ അരങ്ങേറുന്നത്. മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടിയ ശേഷം മദിരാശിയിലേക്ക് തിരിച്ചു. അവിടെ കുറച്ചുകാലം മെഡിക്കൽ റെപ്രസന്റേറ്റീവ് ആയിരുന്നു. ഇതിനിടെ, കെ.എസ്. സേതുമാധവന്റെ 'കന്യാകുമാരി' (1974) എന്ന ചിത്രത്തിലൂടെ സിനിമാപ്രവേശം. തൊട്ടടുത്ത വർഷം ഇറങ്ങിയ ജെ. ശശികുമാർ സംവിധാനം ചെയ്ത 'ചട്ടമ്പി കല്യാണി'യിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് ഹാസ്യം കയ്യിലിട്ട് അമ്മാനമാടിയിരുന്ന അടൂർ ഭാസിയുടെ ശിങ്കിടിയുടെ വേഷമായിരുന്നു സിനിമയിൽ. അവിടെ നിന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1500ലേറെ സിനിമകളിലാണ് ജഗതി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മലയാളിയിലേക്ക് 'ജഗതി അഡിക്ഷൻ' കുത്തിനിറയ്ക്കുന്നതായിരുന്നു ഓരോ വേഷങ്ങളും. 1989ൽ പുറത്തിറങ്ങിയ 'അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു', 1998 ൽ പുറത്തിറങ്ങിയ 'കല്യാണ ഉണ്ണികൾ' എന്നിങ്ങനെ രണ്ട് സിനിമകളുടെ സംവിധായകന്റേ വേഷവും ജഗതി അണിഞ്ഞു. പക്ഷേ, ആ റോളിൽ നടൻ തിളങ്ങിയില്ല.
കോമഡിയിൽ നിന്ന് ജഗതി എന്ന നടൻ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും പ്രണയ, പ്രതികാര ഭാവങ്ങളും പുറത്തെടുക്കുന്നത് കാണാൻ പ്രത്യേക ചന്തമാണ്. തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, ഉറുമി, പരദേശി, നിഴൽക്കൂത്ത്, വാസ്തവം, തന്മാത്ര, കാബൂളിവാല തുടങ്ങി നിരവധി സിനിമകളിൽ ഇങ്ങനെ അദ്ദേഹം നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. സ്പോട്ടിൽ ജഗതിയിടുന്ന 'നമ്പറുകളിൽ' പിടുത്തംവിട്ട് പൊട്ടിച്ചിരിച്ച, അത്ഭുതപ്പെട്ടവരാണ് നമ്മൾ കണ്ട, കണ്ടുകൊണ്ടിരിക്കുന്ന നടികരെല്ലാം. എന്നാൽ, അപ്പോഴൊന്നും ജഗതി തന്റെ കഥാപാത്രത്തിൽ നിന്ന് ഇറങ്ങി വന്നില്ല. ഗൗരവത്തോടെ അടുത്ത ടേക്കിലേക്ക് കടന്നു.
2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ജഗതിക്ക് സാരമായി പരികേറ്റു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളീയർ കേട്ടത്. കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം ഡിവൈഡറിൽ കാറിടിച്ചു കയറുകയായിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്‌ക്ക് ഒടുവിലാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ആ 'അമ്പിളിക്കല' സിനിമയിൽ വീണ്ടും ഉദിക്കുന്നത് കാണാൻ മലയാളി കാത്തിരുന്നു. ഒടുവിൽ, ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെ ജഗതി ക്യാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തി.
മമ്മൂട്ടി നായകനായെത്തിയ 'സിബിഐ 5'ൽ 'വിക്രം' എന്ന ഐക്കോണിക് കഥാപാത്രമായി ജഗതിയെ വീണ്ടും വെള്ളിത്തിരയിൽ കണ്ടപ്പോൾ മലയാളികളുടെ കണ്ണുകൾ നിറഞ്ഞു. അതിൽ സന്തോഷമുണ്ടായിരുന്നു; സ്ക്രീനിൽ ഓടിച്ചാടി നടന്നിരുന്ന നടനെ വീൽച്ചെയറിൽ കണ്ടതിന്റെ വിഷമവും.
വീണ്ടും ആ പഴയ ജഗതി ശ്രീകുമാറിനെ കാണാനുള്ള കൊതി മലയാളിക്ക് അടങ്ങിയിട്ടില്ല. ജഗതിയുടെ 74ാം പിറന്നാൾ ദിനത്തിൽ പുറത്തുവന്ന അരുൺ ചന്തുവിന്റെ 'വല' എന്ന സിനിമയുടെ അനൗൺസ്മെന്റ് കാണിയിലെ 'ചൂഷകനെ' വീണ്ടും പ്രകോപിപ്പിക്കുന്നതായിരുന്നു. പ്രൊഫസർ അമ്പിളിയായി സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ ജഗതിയെ അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ ആണ് സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അന്നുതൊട്ട് നമ്മൾ കാത്തിരിക്കുകയാണ്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാറിന്റെ ആ വരവിനായി. മലയാളത്തിന്റെ ജഗതിയുടെ തിരിച്ചുവരവിനായി. അയാളിലെ നടനെ പരമാവധി ആസ്വദിക്കാൻ.