
ജോജിക്ക് ശേഷം സംവിധായകന്റെ കുപ്പായം അണിയാന്‍ ഒരുങ്ങിയ ദിലീഷ് പോത്തന്‍. ദിലീഷ് പോത്തന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീഷ്. 2026ല്‍ സിനിമ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകനായി അടുത്ത സിനിമ എപ്പോള്‍ വരുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദിലീഷ് പോത്തന്‍. "അടുത്ത വര്‍ഷം സിനിമ ചെയ്യും. തിരക്കഥ ശ്യാം പുഷ്‌കരനും പോള്‍സണ്‍ സ്‌കറിയയുമാണ്", എന്നാണ് അദ്ദേഹം പറഞ്ഞത്.
ശ്യാം പുഷ്‌കരന്‍ - ദിലീഷ് പോത്തന്‍ എന്ന കോമ്പോയുടെ പ്രൊസസ് എന്താണെന്നും അഭിമുഖത്തില്‍ ചോദിച്ചു. "അങ്ങനെയൊരു പ്രൊസസ് ഒന്നുമില്ല ശരിക്കും. രണ്ട് പേര്‍ക്കും എക്‌സൈറ്റഡ് ആകുന്ന ഐഡിയയില്‍ എത്താനാണ് ആദ്യം ശ്രമിക്കുന്നത്. അതില്‍ എത്തിക്കഴിഞ്ഞാല്‍ അതിന്റെ എല്ലാ സാധ്യതകളെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ശ്യാം ചിലപ്പോള്‍ അതില്‍ ഒരാഴ്ച്ച ഇരിക്കും. എന്നിട്ട് ഞങ്ങള്‍ വീണ്ടും ഒരുമിച്ച് ഇരിക്കും. പിന്നെ ചര്‍ച്ചകള്‍ ചെയ്യും. എനിക്ക് ചിലപ്പോള്‍ അഭിപ്രായങ്ങള്‍ ഉണ്ടാകും. പിന്നെ ഞങ്ങളുടെ ശക്തി എന്താണെന്നാല്‍, ഒരു സിനിമയ്ക്ക് വേണ്ടി ആറോ എട്ടോ വര്‍ഷം പ്രയത്‌നിച്ചിട്ടുണ്ടാകും എന്നിട്ട് ഞങ്ങള്‍ അത് വേണ്ട എന്ന് വെക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നുണ്ട്. നമ്മള്‍ ചര്‍ച്ചയെല്ലാം ചെയ്ത് വരുമ്പോഴായിരിക്കും ഉദ്ദേശിച്ച ഒരു റിസള്‍ട്ട് അതിന് ലഭിക്കില്ലെന്ന് മനസിലാകുക. അപ്പോഴൊക്കെ ആത്മവിശ്വാസം കളയാതെ തന്നെ ത് മാറ്റാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്രയും ക്വാളിറ്റിയുള്ള സിനിമകള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചതെന്ന് തോന്നുന്നു"; ദിലീഷ് പറഞ്ഞു.
അതേസമയം അഭിനയ രംഗത്ത് 'റോന്ത്' ആണ് ദിലീഷിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. യോഹന്നാന്‍ എന്ന എഎസ്ഐയുടെ വേഷമാണ് ദിലീഷ് പോത്തന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്. ജൂണ്‍ 13നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.