ലോകേഷ് കനകരാജ് ചിത്രം കൂലി റിലീസിനൊപ്പം ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ബസ് കണ്ടക്ടറിൽ നിന്ന് സിനിമലോകത്തേക്ക് എത്തിയതുൾപ്പെടെ നിരവധി പ്രചോദനാത്മക കഥകൾ നമ്മൾ രജനികാന്തിനെ കുറിച്ച് കേട്ടിട്ടുണ്ട്. തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമ സൂപ്പർസ്റ്റാറെന്ന പേര് ലഭിച്ചപ്പോഴും, നിലനിർത്തിയ വിനയം തന്നെയാണ് നടന് ഇത്രയധികം ആരാധകരെ നൽകിയത്. ഇപ്പോഴിതാ ചാൽബാസ് (1989) എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സംവിധായകൻ പങ്കജ് പരാശർ, മറക്കാനാവാത്ത ചില അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
വളരെ കർക്കശകാരനായ ഒരാളായാണ് പങ്കജ് പരാശർ രജനിയെക്കുറിച്ച് ഓർക്കുന്നത്. "ചാൽബാസ് നടി ശ്രീദേവിയുടെ സിനിമയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അഹങ്കാരിയായ സൂപ്പർഹീറോ രജനികാന്തിനെ അവതരിപ്പിച്ചാൽ അതൊരു ശ്രീദേവി ചിത്രമാവില്ലായിരുന്നു. അങ്ങനെ, രജനി കഥാപാത്രത്തെ കോമഡിയാക്കി മാറ്റി. മിക്ക സൂപ്പർസ്റ്റാറുകളും ഒരിക്കലും ചെയ്യാത്ത, ഭയപ്പെടുന്ന ഒരു അണ്ടർഡോഗ് കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം സമ്മതിച്ചു. വളരെ അതിശയകരമായാണ് രജനി ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സെറ്റിൽ, രജനികാന്ത് പലപ്പോഴും ശ്രീദേവിയെ ഒരു ചെല്ലപേരിട്ടാണ് വിളിക്കാറുണ്ടായിരുന്നത്. അവൾ അകത്തു കയറുമ്പോഴെല്ലാം അദ്ദേഹം കുമ്പിട്ട് 'ശ്രീദേവാ!' എന്ന് ഉറക്കെ പറയുമായിരുന്നു," പങ്കജ് പരാശർ ഓർമകൾ പങ്കുവെക്കുന്നു.
ഗതാഗതകുരുക്കുണ്ടാക്കിയ ആരാധകർ
രജനികാന്തിന്റെ ലാളിത്യം കണ്ട് താൻ അത്ഭുതപ്പെട്ട കഥയും പങ്കജ് പരാശർ ഓർക്കുന്നു. “അദ്ദേഹത്തിന് സഹായിയില്ല, മാനേജരില്ല. സ്വന്തം വണ്ടിയോടിച്ചാണ് പലപ്പോഴും യാത്ര ചെയ്യാറ്. 1960-കളിലെ ഒരു പഴയ ഫിയറ്റിൽ അദ്ദേഹം എനിക്ക് ലിഫ്റ്റ് നൽകി. കാറിന്റെ എസി പ്രവർത്തിച്ചിരുന്നില്ല. ചൂടായിരുന്നതിനാൽ ഞാൻ ജനൽച്ചില്ല താഴ്ത്തി. എന്നാൽ ആരെങ്കിലും തന്നെ കണ്ടാൽ കുഴപ്പമാകുമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ തടഞ്ഞു. ഞാനത് വിശ്വസിച്ചില്ല. തുടർന്ന് ഒരു സിഗ്നലിൽ വെച്ച്, രണ്ടുപേർ 'തലൈവ!' എന്ന് വിളിച്ച് കാറിനടുത്തെത്തി. പിന്നെ കൂടുതൽ പേർ പ്രദേശത്തെത്തി. താമസിയാതെ ഒരു ഗതാഗതക്കുരുക്ക് ഉണ്ടായി. അനുഗ്രഹം ലഭിക്കാനായി അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ കാറിന്റെ ബോണറ്റിൽ കയറ്റി. ഒടുവിൽ പൊലീസ് വരേണ്ടി വന്നു. അന്നാണ് ഞാൻ രജനിയുടെ താരപദവി കണ്ടത്.”
ക്ഷേത്രങ്ങൾ വൃത്തിയാക്കുന്ന സൂപ്പർസ്റ്റാർ
സൂപ്പർസ്റ്റാർ പദവി ഉണ്ടായിരുന്നിട്ടും വളരെ താഴ്മയുള്ള നടനായിരുന്നു രജനികാന്ത്. "അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു, 'ആളുകൾ എന്നെ ആരാധിക്കുന്നു, അത് നിങ്ങളുടെ തലയിൽ കയറിക്കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞാൻ ഇടയ്ക്കൊക്കെ മലകൾ കയറും. 10-12 ദിവസം ഒരു ക്ഷേത്രത്തിൽ താമസിക്കും. തറ തുടച്ച് വൃത്തിയാക്കും, നിലത്ത് കിടന്നുറങ്ങും. വിനയാന്വിതനായി തുടരാൻ വേണ്ടി മാത്രം." പങ്കജ് പരാശർ പറഞ്ഞു. രജനികാന്ത് വെറുമൊരു സൂപ്പർസ്റ്റാർ മാത്രമല്ല, അഞ്ച് പതിറ്റാണ്ടുകളായി എളിമയിൽ വേരൂന്നിയ ഒരു പ്രതിഭാസമാണെന്നും ഈ കഥകൾ ആരാധകരെ ഓർമിപ്പിക്കുകയാണ്.