
കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായി മോഹന്‍ലാലിന്റെ പ്രഖ്യാപനം. ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടത്തിനു ശേഷം കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ആ പ്രഖ്യാപനവും വന്നത്.
നാളെ (തിങ്കളാഴ്ച) ദൃശ്യം 3 യുടെ ചിത്രീകരണം തുടങ്ങുകയാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാളത്തിലായിരിക്കും ആദ്യം ദൃശ്യം 3 എത്തുക എന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. മലയാളത്തിനു മുമ്പ് ദൃശ്യം 3 ന്റെ ഹിന്ദി പതിപ്പ് എത്തുമെന്ന വാര്‍ത്തകളോടായിരുന്നു സംവിധായകന്റെ പ്രതികരണം. മലയാളത്തിന്റെ സ്‌ക്രിപ്പിനായി അവര്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദൃശ്യം 3 ന്റെ ചിത്രീകരണം ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് ജീത്തു ജോസഫ് ന്യൂസ് മലയാളത്തോടും പറഞ്ഞിരുന്നു. റിലീസ് തീയതി തീരുമാനിക്കേണ്ടത് ആന്റണി പെരുമ്പാവൂര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 50 ദിവസമാണ് സിനിമയുടെ ചിത്രീകരണം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാള സിനിമക്ക് ലഭിച്ച പുരസ്‌കാരമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 48 വര്‍ഷമായി തന്നോടൊപ്പം സിനിമയില്‍ സഹകരിച്ച പലരും ഇന്നില്ല, അവരെ ഓര്‍ക്കുന്നു. ഈശ്വരനും കുടുംബത്തിനും ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.