
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. ഹൈദരാബാദില്‍ വെച്ച് നടന്ന ലോകയുടെ സക്‌സസ് ചടങ്ങില്‍ സംസാരിക്കവെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് സംസാരിച്ചു. കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവായ അതേ തുക തന്നെയാണ് ലോകയ്ക്ക് ചെലവായതെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
"ഞാന്‍ നായകനായി 40ലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവന്‍ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്, ഇപ്പോള്‍ ചിത്രം ഒരു വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും ലോക ഒരു ചെറിയ ബജറ്റില്‍ ഉള്ള സിനിമയാണെന്ന് തോന്നുന്നുണ്ടാകും, പക്ഷേ മലയാള സിനിമയില്‍ ലോകയ്ക്ക് ചിലവഴിച്ചത് കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചിലവാക്കിയതിന് ഒപ്പമാണ്. ഞങ്ങള്‍ക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണ് ഒരു പൈസ പോലും വെറുതെ പാഴാക്കാതെ ചെലവാക്കിയത് മുഴുവന്‍ സ്‌ക്രീനില്‍ കാണാം", ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി രൂപ ആഗോളതലത്തില്‍ ലോക നേടിയിട്ടുണ്ട്. 30 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലോക.
വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. ട്രെയിനില്‍ ഇരുന്ന യാത്രക്കാരന്‍ ലോകയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു. ബെംഗളൂരു-മുര്‍ദേശ്വര് എക്‌സ്പ്രസിലെ യാത്രക്കാരനാണ് 'ലോക' യുടെ വ്യാജ പതിപ്പ് കണ്ടത്.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നസ്ലന്‍, സാന്‍ഡി, ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, വിജയ രാഘവന്‍, ശരത് സഭ എന്നിവരും ചിത്രത്തിലെ അതിഥി താരങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഒന്നിലധികം ഭാഗങ്ങള്‍ ഉള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗം എന്ന നിലയില്‍ ഒരു ഗംഭീര അടിത്തറയാണ് ചിത്രം ഇപ്പൊള്‍ പ്രേക്ഷകരുടെ മനസ്സില്‍ പാകിയിരിക്കുന്നത്.