
ബോളിവുഡ് താരം കരിഷ്മ കപൂറിന്‍റെ മുന്‍ ഭർത്താവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് കപൂറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ റാണി കപൂർ. പോളോ കളിക്കുന്നതിനിടെ തേനീച്ചയെ വിഴുങ്ങിയെന്നും അതു മൂലം പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. ജൂണ്‍ 12 നായിരുന്നു സഞ്ജയ് മരിച്ചത്.
മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് റാണി കപൂർ ആരോപിക്കുന്നു. സഞ്ജയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി തവണ വിശദീകരണവും രേഖകളും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. തന്‍റെ മകന്‍ മരിച്ചു കഴിഞ്ഞ് അധികം വൈകാതെ, അടച്ചിട്ട മുറിയിൽ തന്നെ നിർബന്ധിതമായി ചില പേപ്പറുകളിൽ ഒപ്പിടീച്ചെന്നും എത്ര നിർബന്ധിച്ചിട്ടും അതിലെ ഉള്ളടക്കം എന്താണെന്ന് അറിയിച്ചില്ലെന്നും റാണി ആരോപിച്ചു. സോന കോംസ്റ്റാർ ബോർഡിലേക്കയച്ച കത്തിലാണ് റാണി കപൂർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2003ലാണ് സഞ്ജയ് കപൂർ കരിഷ്മ കപൂറിനെ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. 2016ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് പ്രിയ സച്ച്ദേവുമായി പ്രണയത്തിലായ സഞ്ജയ് വീണ്ടും വിവാഹിതനായി. ഈ ബന്ധത്തിൽ അസാരിയസ് കപൂർ എന്ന മകനുമുണ്ട്.