
അമല്‍ നീരദ്-ഫഹദ് ഫാസില്‍ കോമ്പോ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇയ്യോബിന്റെ പുസ്തകം, വരത്തന്‍, ബൊഗെയ്ന്‍വില്ല എന്നീ ചിത്രങ്ങളിലാണ് ഇവര്‍ ഒന്നിച്ചത്. ഇപ്പോഴിതാ അമല്‍ നീരദിനൊപ്പം ചെയ്യാന്‍ ആഗ്രഹമുള്ള ഒരു സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. എന്നാല്‍ ഇതൊരു റീമേക്കാണ്. മലയാള സിനിമയുടെ പ്രിയ കോമ്പിനേഷനായ പത്മരാജന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഒരു ചിത്രമാണ് ഫഹദ് ഫാസില്‍ അമല്‍ നീരദിനൊപ്പം റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇതേ കുറിച്ച് സംസാരിച്ചത്.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണ് എന്നതിന്റെ ഉത്തരം പറയുകയായിരുന്നു താരം. അമിതാഭ് ബച്ചന്റെ മിലി (1975), രജനികാന്തിന്റെ ജോണി (1980), മോഹന്‍ലാലിന്റെ സീസണ്‍ (1989), ഇറ്റാലിയന്‍ ചിത്രം മലേന (2000), ഇല്‍ പോസ്റ്റീനോ : ദി പോസ്റ്റ്മാന്‍ (1994) എന്നീ ചിത്രങ്ങളാണ് താരത്തിന്റെ ലിസ്റ്റിലുള്ളത്.
അതില്‍ പത്മരാജന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ സീസണ്‍ ആണ് ഫഹദ് റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ദീര്‍ഘകാലമായി ഇതു ചെയ്യാന്‍ അമല്‍ നീരദിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. പത്മരാജന്‍ രചനയും സംവിധാനവും ചെയ്ത സീസണ്‍ ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. കോവളം പശ്ചാത്തലമാക്കി എടുത്ത ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍-പത്മരാജന്‍ ചിത്രമാണ്.
അതേസമയം തമിഴ് ചിത്രമായ മാരീശനാണ് ഫഹദിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂലൈ 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. നടന്‍ വടിവേലുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.