
ഫഹദ് ഫാസില്‍ വടിവേലു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മാരീശന്‍ ജൂലൈ 25നാണ് തിയേറ്ററിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നിരുന്നു. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ നടന്‍ കമല്‍ ഹാസനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എക്‌സിലാണ് താരം കുറിപ്പ് പങ്കുവെച്ചത്. മാരീശന്‍ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.
"മാരീശന്‍ കണ്ടു. നര്‍മത്തോടെയും ആഴത്തിലും സംസാരിച്ച ചിത്രം. അത് എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ക്രാഫ്റ്റിനെ അഭിനന്ദിക്കുകയും ചെയ്തു. ഈ മനോഹരമായ സിനിമ ചെയ്തതിന് അഭിനന്ദനം അറിയിക്കാന്‍ അണിയറ പ്രവര്‍ത്തകരുമായി സംസാരിച്ചു. നര്‍മത്തിന് പുറമെ സാമൂഹിക ബോധമുള്ള ലെന്‍സിലൂടെ മനുഷ്യ വികാരങ്ങളെയും സമൂഹത്തിന്റെ ഇരുണ്ട നിഴലിനെയും സൂക്ഷ്മമായി പറഞ്ഞുവെച്ച ചിത്രം. ഒരു പ്രേക്ഷകന്‍ എന്ന നിലയിലും ക്രിയേറ്റര്‍ എന്ന നിലയിലും സ്വാഭാവികമായി എന്നെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സിനിമ", കമല്‍ ഹാസന്‍ കുറിച്ചു.
സുധീഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ഒരു കള്ളന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. വടിവേലു അല്‍ഷിമേഴ്‌സ് രോഗത്തോട് പൊരുതുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹകന്‍ കലൈശെല്‍വന്‍ ശിവാജി.
വി കൃഷ്ണ മൂര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് മാരീശന്റെ ശക്തിയെന്ന് ഫഹദ് ഫാസില്‍ ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ സിനിമ കണ്ട് ഏത് തരത്തില്‍ പ്രതികരിക്കുമെന്ന് ആലോചിച്ച് ആവേശം തോന്നിയിരുന്നെന്നും ഫഹദ് പറഞ്ഞു.