
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ ലോക തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ടൊവിനോയുടെ അതിഥി വേഷം ആരാധകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഇപ്പോഴിതാ ലോകയിലെ ചാത്തന്‍ കഥാപാത്രത്തിനും അജയന്റെ രണ്ടാം മോഷണത്തിലെ മണിയന്‍ എന്ന കഥാപാത്രത്തിനും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. അതിന് ടൊവിനോ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്.
ചാത്തനും മണിയനും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും രണ്ട് കഥാപാത്രങ്ങളും രണ്ട് യൂണിവേഴ്‌സിന്റെ ഭാഗമാണെന്നുമാണ് ടൊവിനോയുടെ മറുപടി. അജയന്റെ രണ്ടാം മോഷണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംവിധായകന്‍ ജിതിന്‍ ലാല്‍ പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു ആരാധകന്‍ കമന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ലോകയിലെ ദുല്‍ഖറിന്റെയും ടൊവിനോയുടെയും പുതിയ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ടൊവിനോ ചാത്തന്റെ വേഷത്തില്‍ എത്തിയപ്പോള്‍ ദുല്‍ഖര്‍ ഒടിയനായാണ് സ്‌ക്രീനില്‍ എത്തിയത്. രണ്ട് പേരുടെയും അതിഥി വേഷത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ഓഗസ്റ്റ് 28ന് തിയേറ്ററിലെത്തിയ ചിത്രം ഏഴ് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അതിന് ശേഷം 13-ാം ദിവസം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയും നേടി. അങ്ങനെ മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടിയ നാലാമത്തെ ചിത്രമായി ലോക മാറി. എമ്പുരാന് ശേഷം ഏറ്റവും വേഗത്തില്‍ 200 കോടി നേടുന്ന ചിത്രം കൂടിയാണിത്. തുടരും, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് 200 കോടി ക്ലബ്ബില്‍ ഇടംനേടിയ മറ്റ് മലയാള സിനിമകള്‍.
നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യന്‍ സിനിമ ബോക്സോഫീസില്‍ കോടികള്‍ കൊയ്യുന്നതും അപൂര്‍വ കാഴ്ചയാണ്. മലയാളത്തിന്റെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ കൂടിയാണ് ലോകയിലെ കല്യാണിയുടെ ചന്ദ്ര എന്ന കഥാപാത്രം. ഏകദേശം 30 കോടി ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്.