
ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ 2021ലാണ് പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീ ലേ സറ എന്ന ചിത്രം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം ചിത്രത്തെ കുറിച്ച് ഒരുപാട് കാലം അപ്‌ഡേറ്റുകളൊന്നും തന്നെ പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍, അവര്‍ സ്റ്റുപിഡ് റിയാക്ഷന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫര്‍ഹാന്‍ ചിത്രം മാറ്റിവെച്ചിട്ടില്ലെന്നും തീര്‍ച്ചയായും സംഭവിക്കുമെന്നും ഫര്‍ഹാന്‍ വെളിപ്പെടുത്തി.
നേരത്തെ ഷെഡ്യൂളിങ് പ്രശ്‌നങ്ങള്‍ കാരണം ജീ ലെ സറ മാറ്റിവെച്ചതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. "ഈ ചിത്രം മാറ്റി വെച്ചിരിക്കുകയാണെന്ന് പറയുന്നതില്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ പറയുന്നത് അത് തല്‍ക്കാലം മാറ്റി വെച്ചുവെന്നാണ്. ഇത് സംഭവിക്കാന്‍ പോകുന്ന സിനിമയാണ്. എന്നാല്‍ അത് എപ്പോള്‍ സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷെ വളരെ രസകരമായൊരു തിരക്കഥയാണ്. അതില്‍ ഇതിനകം തന്നെ ധാരാളം ജോലികള്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്", ഫര്‍ഹാന്‍ പറഞ്ഞു.
"ചിത്രത്തിന്റെ ലൊക്കേഷന്‍ അന്വേഷണങ്ങളെല്ലാം ഞാന്‍ പൂര്‍ത്തിയാക്കി. സംഗീതം റെക്കോര്‍ഡ് ചെയ്തു. ഇനി പൂര്‍ണമായും അതിലേക്ക് കേന്ദ്രീകരിക്കണമെന്നത് മാത്രമെയുള്ളൂ. എന്നാല്‍ അഭിനേതാക്കളെ കുറിച്ച് നിലവില്‍ എനിക്കൊന്നും പറയാന്‍ കഴിയില്ല. അത് എന്തായിരിക്കും? എപ്പോഴായിരിക്കും എന്നൊക്കെ. പക്ഷെ സിനിമ തീര്‍ച്ചയായും സംഭവിക്കും", എന്നും അദ്ദേഹം വ്യക്തമാക്കി.
2024ല്‍ ലാലന്റോപ്പിനോട് സംസാരിക്കവെ ആലിയ ഭട്ടും ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. "പ്രധാന കഥാപാത്രങ്ങളുടെ ഡേറ്റുകള്‍ ഒരുമിച്ച് ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ സിനിമ നിര്‍മിക്കണമെന്ന് എല്ലാവരുടെയും മനസിലുണ്ട്", എന്നാണ് ആലിയ പറഞ്ഞത്.
താന്‍ ആദ്യം സംവിധാനം ചെയ്ത ദില്‍ ചാഹ്ത്താ ഹെ എന്ന ചിത്രത്തിന്റെ 20-ാം വാര്‍ഷികത്തിലാണ് ഫര്‍ഹാന്‍ ജീ ലേ സറ പ്രഖ്യാപിച്ചത്. പിന്നീട് 2023ല്‍ രണ്‍വീര്‍ സിംഗിനെ പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്ന ഡോണ്‍ 3യും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.