
മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം പാകിസ്ഥാനി നടന്‍ ഫവാദ് ഖാന്‍ നായകനായി എത്തിയ അബിര്‍ ഗുലാല്‍ റിലീസിന് ഒരുങ്ങുന്നു. വേള്‍ഡ് പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം പക്ഷെ ഇന്ത്യയില്‍ റിലീസ് ചെയ്യില്ല. ഓഗസ്റ്റ് 29നാണ് ചിത്രം വേള്‍ഡ് പ്രീമിയറിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാണി കപൂറാണ് ചിത്രത്തിലെ നായിക.
അബിര്‍ ഗുലാലിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള യാത്ര ഒട്ടും സുഗമമായിരുന്നില്ല. മെയ് ഒന്‍പതിന് രാജ്യത്ത് റിലീസ് ചെയ്യാനിരുന്ന ചിത്രം, ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമത്തിന് ശേഷം ഇന്ത്യയില്‍ നിരോധിക്കപ്പെടുകയായിരുന്നു. ആഗോള റിലീസില്‍ ഇന്ത്യ വിതരണ പദ്ധതിയുടെ ഭാഗമാണെന്ന് പരാമര്‍ശിക്കുന്നില്ല. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ചിത്രം രാജ്യത്ത് റിലീസ് ചെയ്യാന്‍ സാധ്യതയില്ല.
ദില്‍ജിത്ത് ദോസാഞ്ജിന്റെ സര്‍ദാര്‍ ജി 3ന് സമാനമായൊരു തന്ത്രം അബിര്‍ ഗുലാല്‍ നിര്‍മാതാക്കള്‍ ചെയ്യുമെന്നാണ് സിനിമാ മേഖലയില്‍ ഉള്ളവര്‍ വിശ്വസിക്കുന്നത്. ആ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാതെ വിദേശത്ത് വലിയ വിജയം നേടിയിരുന്നു.
പാകിസ്ഥാന്‍ നടി ഹനിയ ആമിര്‍ അഭിനയിച്ച സര്‍ദാര്‍ ജി 3 ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്ക് പിന്നാലെ വിദേശത്താണ് റിലീസ് ചെയ്തത്. അബിര്‍ ഗുലാലിലെ നായികയായ വാണി കപൂര്‍ ദില്‍ജിത്ത് ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
"ഭീകരാക്രമത്തിന് മുന്‍പാണ് അദ്ദേഹത്തിന്റെ ചിത്രം ഷൂട്ട് ചെയ്തതെന്ന് ഞാന്‍ കരുതുന്നു. ഒരു നിര്‍മാതാവെന്ന നിലയില്‍ അദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നു. ഏകദേശം 100ഓളം സാങ്കേതിക വിദഗ്ധര്‍ ഒരുമിച്ചാണ് ആ സിനിമ നിര്‍മിച്ചത്. സിനിമ നിര്‍മിച്ചപ്പോള്‍ സ്ഥിതി വ്യത്യസ്തമായിരുന്നു", എന്നാണ് വാണി കപൂര്‍ പറഞ്ഞത്.
"രാജ്യത്തെ മോശമാക്കുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ആഗോള താരമാണ്. ആഗോള തലത്തില്‍ അദ്ദേഹം ആദരിക്കപ്പെടുന്നുണ്ട്. അനുയോജ്യമെന്ന് തോന്നുന്ന നടപടികള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം നിയം ലംഘിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല", വാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം അബിര്‍ ഗുലാലിന്റെ ആഗോള റിലീസിനെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ല.