"ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആയതില്‍ അഭിമാനം"; ലോകയുടെ വിജയത്തില്‍ കല്യാണി പ്രിയദര്‍ശന്‍
ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. അങ്ങനെ ആളുകള്‍ തന്നെ വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്ന് കല്യാണി ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രം തന്റേത് മാത്രമല്ലെന്നും മുഴുവന്‍ ടീമിന്റെ കൂടിയാണെന്നും കല്യാണി പറഞ്ഞു.
"ആളുകള്‍ ഇങ്ങനെയെല്ലാം പറയുമ്പോള്‍, വികാരഭരിതയാവുകയാണ് ഞാന്‍. കാരണം സിനിമ ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ അതൊരിക്കലും ചരിത്രം സൃഷ്ടിക്കുമെന്ന് കരുതിയിരുന്നില്ല. എനിക്ക് ഭാഗമാകാന്‍ സാധിച്ച ആവേശകരമായ കഥയായാണ് ഞാന്‍ ലോകയെ കണ്ടത്. എന്നാല്‍ പിന്നീട് അതിന്റെ ഭാരം എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി", കല്യാണി വ്യക്തമാക്കി.
"അതേസമയം സിനിമ എന്റെ ചുമലിലാണ് എന്ന തോന്നല്‍ എനിക്ക് ഇഷ്ടമല്ല. കാരണം അത് എന്റെ ടീം ചെയ്ത അവിശ്വസിനീയമായ ജോലികളില്‍ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും എടുത്തുകളയുന്നു", എന്നും കല്യാണി പറഞ്ഞു. തന്റെ കൂടെ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.
"സൂപ്പര്‍ ഹീറോകള്‍ എപ്പോഴും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ആയ ചന്ദ്ര ഒരു പെണ്‍കുട്ടിക്ക് എങ്കിലും സ്ത്രീകള്‍ക്ക് സ്വന്തം രീതിയില്‍ ശക്തരാകാന്‍ കഴിയുമെന്ന വിശ്വാസം നല്‍കുന്നുണ്ടെങ്കില്‍ അത് ഞാന്‍ അഭിമാനത്തോടെ സ്വീകരിക്കും", എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 : ചന്ദ്ര ഓഗസ്റ്റ് 28നാണ് തിയേറ്ററിലെത്തിയത്. നിലവില്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി കളക്ട് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കല്യാണിക്ക് പുറമെ നസ്ലെന്‍, ചന്ദു സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.