IDSFFKയിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങൾക്കും പ്രദർശനാനുമതി ലഭിക്കാനുള്ള ശ്രമം തുടരുന്നു: മന്ത്രി പി.സി. വിഷ്ണുനാഥ്‌

ഡെലി​ഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി വിഷ്ണുനാഥ്‌ നിർവഹിച്ചു
മന്ത്രി പി.സി. വിഷ്ണു നാഥ്‌
മന്ത്രി പി.സി. വിഷ്ണു നാഥ്‌
Published on
Updated on

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങൾക്കും പ്രദർശനനുമതി ലഭിക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്‌. സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (IDSFFK) ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സമർപ്പിക്കപ്പെട്ട 1800 ഓളം സിനിമകളിൽ നിന്നും വലിയ സെലക്ഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് 347 ചിത്രങ്ങൾ തെരഞ്ഞെടുത്ത് പ്രദർശനാനുമതിക്കായി അയച്ചത്. ഇനിയും അനുമതി ലഭിക്കാനുള്ള ചില ചിത്രങ്ങൾ ഒന്നു കൂടി കാണേണ്ടതുണ്ടെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആ നടപടികൾ കൂടി പൂർത്തിയാക്കി എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്," മന്ത്രി പറഞ്ഞു. ചലച്ചിത്ര താരം ശ്യാം മോഹനും ചലച്ചിത്ര നടി പാർവ്വതി ആർ. കൃഷ്ണയ്ക്കും ഡെലിഗേറ്റ് കിറ്റ് കൈമാറിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കൈരളി തിയേറ്ററിലെ ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. ലോക സിനിമയെ മനസിലാക്കുന്നതിനും സിനിമാ അഭിനിവേശം വളർത്തിയെടുക്കുന്നതിലും ഐഎഫ്എഫ്കെ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും, കൂടുതൽ ചെറുപ്പക്കാരുടെ കടന്നുവരവ് സിനിമയുടെ നിലവാരം ഉയർത്തുന്നുണ്ടെന്നും ഡെലി​ഗേറ്റ് കിറ്റ് ഏറ്റുവാങ്ങിയ ചലച്ചിത്ര താരം ശ്യാം മോഹൻ മോഹൻ പറഞ്ഞു.

മന്ത്രി പി.സി. വിഷ്ണു നാഥ്‌
"അളിയാ കളീയ്ക്കാ..."; അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാലിനൊപ്പം മുകേഷ്

കൈരളി തിയറ്റർ പോർട്ടിക്കോയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ കെ ഐ.എ.എസ് അധ്യക്ഷത വഹിച്ച് അക്കാദമി സെക്രട്ടറി ഇൻ ചാർജ് സജിത് സി.സി, ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവൽ ഇൻ ചാർജ് എൻ. പി സജീഷ് എന്നിവർ പങ്കെടുത്തു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ. ഡി.എസ്.എഫ്.എഫ്.കെ സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് നടക്കുന്നത്. https://registration.iffk.in എന്ന വെബ്‌സൈറ്റ് വഴി ഡെലിഗേറ്റുകൾക്ക് രജിസ്റ്റർ ചെയ്യാം. ജി.എസ്.ടി ഉൾപ്പെടെ പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴി നേരിട്ടും (ഓഫ്‌ലൈൻ) രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.

News Malayalam 24x7
newsmalayalam.com