മുംബൈ: അറുപത്തൊന്ന് വർഷങ്ങള്‍ക്ക് മുന്‍പാണ് പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ ബോംബെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നത്. അന്ന് ആ മഹാനഗരത്തില്‍ കടുത്ത പട്ടിണിയില്‍ വലഞ്ഞ പയ്യന്‍ ഇന്ന് ഇന്ത്യ ആദരിക്കുന്ന എഴുത്തുകാരനാണ്. മുംബൈയില്‍ എത്തിയ ആ 19കാരന്റെ കഠിനമായ അനുഭവങ്ങള്‍ ജാവേദ് എക്സിലൂടെ പങ്കുവച്ചു.
1964 ഒക്ടോബർ നാലിന് ആണ് ജാവേദ് അക്തർ ആദ്യമായി മുംബൈയില്‍ എത്തുന്നത്. "27 നയാ പൈസയുമായി ആ 19കാരന്‍ ബോംബെ സെൻട്രൽ സ്റ്റേഷനിൽ എത്തി. കിടപ്പാടവും തൊഴിലുമില്ലാതെ അവന്‍ പട്ടിണയിലൂടെ കടന്നുപോയി. പക്ഷേ ആകെമൊത്തത്തിൽ നോക്കുമ്പോൾ, ജീവിതം എന്നോട് വളരെ ദയ കാണിച്ചതായി തോന്നുന്നു. മുംബൈ, മഹാരാഷ്ട്ര, എന്റെ രാജ്യം, എന്റെ ജോലിയെ ദയയോടെ നോക്കിക്കണ്ട എല്ലാവരോടും അതിന് നന്ദി പറയാതിരിക്കാൻ കഴിയില്ല," ജാവേദ് അക്തർ എക്സില്‍ കുറിച്ചു.
27 നയാ പൈസയുമായി എത്തിയ ആ 19 കാരന്‍ ഇന്ന് ഇന്ത്യന്‍ സിനിമയുടെ സാംസ്കാരിക ചിഹ്നമാണ്. തിരക്കഥാകൃത്ത്, ഉറുദു കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ ജാവേദ് അക്തർ വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഹിറ്റ് ജോഡിയായിരുന്നു ജാവേദ് അക്തറും സലീം ഖാനും. രമേശ് സിപ്പിയുടെ സംവിധാനത്തില്‍ ഇവർ രചിച്ച 'ഷോലെ' ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, ഹേമ മാലിനി, ജയ ബച്ചൻ, സഞ്ജീവ് കുമാർ, അംജദ് ഖാൻ എന്നിവർ അഭിനയിച്ച ഈ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. ഒരു ദശാബ്ദത്തിലേറെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും 'ഷോലെ' നിലനിർത്തി. ആദ്യ പാന്‍ ഇന്ത്യന്‍ സിനിമാ എന്നു തന്നെ 'ഷോലെ'യെ വിശേഷിപ്പിക്കാം. രാജ്യത്താകമാനം ഭാഷാഭേമന്യേ ഈ ചിത്രത്തിന് സ്വീകാര്യത ലഭിച്ചു.
അമിതാബിന് 'ആംഗ്രി യങ് മാന്‍' പരിവേഷം നല്‍കിയ ത്രിശൂല്‍, ഡോണ്‍, കാലാ പത്തർ, ഷാന്‍, ശക്തി, ദീവാർ എന്നീ ചിത്രങ്ങള്‍ രചിച്ചത് സലീം-ജാവേദ് ആയിരുന്നു. എന്നാല്‍ പിന്നീട് ഇവർ വഴിപിരിഞ്ഞു. 2007ൽ രാജ്യം പത്മഭൂഷൺ നൽകി ജാവേദിനെ ആദരിച്ചു.2013ൽ ഉർദു സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. മികച്ച ഗാനരചനയ്ക്ക് അഞ്ച് ദേശീയ പുരസ്കാരങ്ങളും എട്ട് ഫിലി ഫെയർ അവാർഡുകളുമാണ് ജാവേദ് സ്വന്തമാക്കിയത്. ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് ഓർമിക്കുകയാണ് ജാവേദ് അക്തർ.