
ഇന്ത്യന്‍ സിനിമയിലെ എവർഗ്രീന്‍ ക്ലാസിക് 'ഷോലെ' ആദ്യം പുറത്തിറക്കാനിരുന്നത് മറ്റൊരു ക്ലൈമാക്സോടെയായിരുന്നു. വില്ലനായ ഗബ്ബർ സിംഗിനെ സഞ്ജീവ് കുമാറിന്റെ താക്കൂർ കൊല്ലുന്നതായിരുന്നു സംവിധായകനായ രമേശ് സിപ്പിയുടെ മനസിലെ ക്ലൈമാക്സ്. എന്നാല്‍, വിതരണക്കാരുടെ സമ്മർദത്തിന് വഴങ്ങി താക്കൂർ ഗബ്ബറിനെ വെറുതെവിടുന്ന രീതിയില്‍ സിനിമയുടെ അവസാനം മാറ്റി. ക്ലൈമാക്സിന്റെ സിപ്പി വേർഷനും അന്ന് ഷൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, 50 വർഷങ്ങള്‍ക്ക് ശേഷം സിനിമ വീണ്ടും സിപ്പിയുടെ ക്ലൈമാക്സോടെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ അവതരിപ്പിക്കുന്ന ഇന്ത്യന്‍ ഫിലി ഫെസ്റ്റിവല്‍ ഓഫ് സിഡ്നിയാണ് ഷോലെയുടെ റീസ്റ്റോർഡ് വേർഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഒക്ടോബറിലാകും ചിത്രം പ്രദർശിപ്പിക്കുക. ഐഎഫ്എഫ്എസില്‍ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ അവസാനത്തില്‍ ഗബ്ബറിനെ താക്കൂർ കൊല്ലും. ഒക്ടോബർ ഒന്‍പത് മുതല്‍ 11 വരെയാണ് ചലച്ചിത്രോത്സവം.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 'ഷോലെ'. ഈ ചിത്രത്തിന്റെ ചുവടുപിടിച്ചാണ് പിന്നീട് അങ്ങോട്ട് പല ബോളിവുഡ് ചിത്രങ്ങളും പുറത്തിറങ്ങിയത്. ഷോലെയുടെ ആഖ്യാന രീതി ഇന്ത്യന്‍ സിനിമ ഒരു വിജയ ഫോർമുലയായാണ് കണക്കാക്കിയത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും സിപ്പി ഫിലിംസും സഹകരിച്ചാണ് ചിത്രം 4കെയിലേക്ക് റീസ്റ്റോർ ചെയ്തത്. മുംബൈയിലെ ഒരു വെയർഹൗസിൽ നിന്നാണ് സിനിമയുടെ യഥാർഥ നെഗറ്റീവുകള്‍ കണ്ടെത്തിയത്. വർഷങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് സിനിമയെ 70 എംഎമ്മിന്റെ പ്രതാപത്തിലേക്ക് എത്തിച്ചത്.
സെർജിയോ ലിയോണിന്റെ സ്പഗറ്റി വെസ്റ്റേണുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രമേശ് സിപ്പി 'ഷോലെ' സംവിധാനം ചെയ്തത്. സലീം-ജാവേദ് ആയിരുന്നു തിരക്കഥ. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, ഹേമ മാലിനി, ജയ ബച്ചൻ, സഞ്ജീവ് കുമാർ, അംജദ് ഖാൻ എന്നിവർ അഭിനയിച്ച ഈ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. ഒരു ദശാബ്ദത്തിലേറെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും 'ഷോലെ' നിലനിർത്തി.
ആദ്യ പാന്‍ ഇന്ത്യന്‍ സിനിമാ എന്നു തന്നെ 'ഷോലെ'യെ വിശേഷിപ്പിക്കാം. രാജ്യത്താകമാനം ഭാഷാഭേമന്യേ ഈ ചിത്രത്തിന് സ്വീകാര്യത ലഭിച്ചു. ഈ മള്‍ട്ടി സ്റ്റാറർ ചിത്രത്തില്‍ ഹിന്ദി നടീനടന്മാരാണ് അഭിനയിച്ചത് എന്ന് എടുത്തുപറയണം. എന്നിട്ടും ദക്ഷിണേന്ത്യയില്‍ അടക്കം തരംഗം തീർക്കാന്‍ സിനിമയ്ക്കായി.