'ആ സീന്‍ ചെയ്തത് കണ്ട് പ്രിയന്‍ ഷൂട്ട് നിര്‍ത്തി ചിരിച്ചു'; കിലുക്കത്തിലെ ചിരിപടര്‍ത്തിയ രംഗത്തെ കുറിച്ച് ജഗതി ശ്രീകുമാര്‍ പറഞ്ഞത്

അങ്ങനെയുള്ള അവസരത്തില്‍ പ്രിയൻ തന്നെ ആദ്യം ചിരിക്കും, അത് കഴിഞ്ഞേ ടേക്ക് എടുക്കുകയുള്ളൂവെന്നും ജഗതി
'ആ സീന്‍ ചെയ്തത് കണ്ട് പ്രിയന്‍ ഷൂട്ട് നിര്‍ത്തി ചിരിച്ചു'; കിലുക്കത്തിലെ ചിരിപടര്‍ത്തിയ രംഗത്തെ കുറിച്ച് ജഗതി ശ്രീകുമാര്‍ പറഞ്ഞത്
Screengrab
Published on
Updated on

മലയാള സിനിമയുടെ ചിരി സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 75ാം പിറന്നാളാണ് ഇന്ന്. തിരുവനന്തപുരം പേയാടുള്ള വീട്ടില്‍ വലിയ ആഘോഷങ്ങളില്ലാതെയാണ് മലയാളത്തിന്റെ മഹാനടന്റെ പിറന്നാള്‍ ദിനം കഴിഞ്ഞു പോകുന്നത്.

ഇംപ്രൊവൈസേഷന്‍ എന്ന വാക്ക് മലയാള സിനിമാ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുന്നതിനു മുമ്പ് അത് മനോഹരമായി സ്‌ക്രീനില്‍ ചെയ്തു കാണിച്ച നടനാണ് ജഗതി. തിരക്കഥയില്‍ എഴുതിവെച്ചതിനേക്കാള്‍ എത്രയോ മടങ്ങ് മനോഹരമായി ഒരു സീനിനെ മാറ്റാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

ഡയലോഗുകള്‍ക്കിടയില്‍ ഉണ്ടാക്കുന്ന ചെറിയ എക്‌സ്പ്രഷനുകളും ശബ്ദങ്ങളും പലപ്പോഴും തിരക്കഥയില്‍ ഉള്ളതാകില്ല. അപ്പോള്‍ തോന്നുന്നത് ക്യാമറയ്ക്ക് മുന്നില്‍ ചെയ്ത് സെറ്റിലുള്ളവരെ പോലും അദ്ദേഹം ചിരിപ്പിച്ചിട്ടുണ്ട്. ഒരു ഗ്ലാസോ തോര്‍ത്തോ വാതിലോ അങ്ങനെ, പ്രോപ്പര്‍ട്ടികള്‍ ഉപയോഗിച്ച് എത്രയോ സീനുകള്‍ അദ്ദേഹം കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.

കിലുക്കത്തിലെ നിശ്ചല്‍ എന്ന ക്യാമാറാമാനെ മലയാളികളാരും മറക്കില്ല. കിലുക്കത്തില്‍ മലയാളികള്‍ കണ്ട് ചിരിച്ച പല രംഗങ്ങളും കയ്യില്‍ നിന്ന് ഇട്ടതാണെന്ന് ജഗതി തന്നെ പലപ്പോഴും പല വേദികളിലും പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു സിനിമയില്‍ ഗ്ലാസിലെ മഞ്ഞ് നാവ് കൊണ്ട് തുടക്കുന്ന സീന്‍.

'ആ സീന്‍ ചെയ്തത് കണ്ട് പ്രിയന്‍ ഷൂട്ട് നിര്‍ത്തി ചിരിച്ചു'; കിലുക്കത്തിലെ ചിരിപടര്‍ത്തിയ രംഗത്തെ കുറിച്ച് ജഗതി ശ്രീകുമാര്‍ പറഞ്ഞത്
ചിരിയുടെ അമ്പിളിക്കല; ജഗതി ശ്രീകുമാറിന് 75ാം പിറന്നാൾ

അപ്പോള്‍ തോന്നിയത് ചെയ്യുകയായിരുന്നുവെന്നാണ് ഇതിനെ കുറിച്ച് നടന്‍ പറഞ്ഞത്. 'കഥാപാത്രത്തിന് തുണി കൊണ്ട് ഗ്ലാസ് തുടക്കാനുള്ള മാനസികാവസ്ഥയൊന്നുമില്ല, അപ്പോള്‍ നാവ് കൊണ്ട് തുടച്ചു' എന്നായിരുന്നു ആ രംഗത്തെ കുറിച്ച് ജഗതി പറഞ്ഞത്.

ആ ഇംപ്രൊവൈസേഷന്‍ കണ്ട് പ്രിയദര്‍ശന്‍ ഒരുപാട് നേരം ചിരിച്ചുവെന്നും അഭിമുഖത്തില്‍ ജഗതി ശ്രീകുമാര്‍ പറയുന്നു. ഇംപ്രോവൈസേഷന് സ്ഥാനം നല്‍കുന്ന സംവിധായകനാണ് പ്രിയന്‍. അങ്ങനെയുള്ള അവസരത്തില്‍ അദ്ദേഹം തന്നെ ആദ്യം ചിരിക്കും. അത് കഴിഞ്ഞേ ടേക്ക് എടുക്കുകയുള്ളൂവെന്നും ജഗതി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസിനൊപ്പമുള്ള അഭിമുഖത്തിലാണ് ജഗതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

2012 മാര്‍ച്ച് പത്തിനുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനു പിന്നാലെയാണ് മലയാള സിനിമയ്ക്ക് ജഗതിയെന്ന അതുല്യ നടനെ നഷ്ടമായത്. 2022 ല്‍ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നതൊഴിച്ചാല്‍ പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമയിലുണ്ടായ വലിയ വിടവ് തന്റെ തിരിച്ചുവരവിലൂടെ നികത്താനൊരുങ്ങുകയാണ് അനുഗ്രഹീത നടന്‍.

അരുണ്‍ ചന്ദു ഒരുക്കുന്ന ചിത്രമാണ് വല എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നത്. മലയാളത്തിന് പുത്തന്‍ യോണര്‍ സമ്മാനിച്ച ഗഗനചാരിക്കു ശേഷം ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ചിത്രമാണിത്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com