

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാന്‍വി കപൂര്‍ തന്റെ പുതിയ ചിത്രമായ പരം സുന്ദരിയുടെ പ്രമോഷന്‍ തിരക്കുകളിലാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് ശേഷം ജാന്‍വിയുടെ മലയാളം സംഭാഷണങ്ങളുടെയും മറ്റും പേരില്‍ ചിത്രം കേളത്തിലെ കലാകാരന്മാരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മലയാളി നടിയും ഗായികയുമായ പവിത്ര മോനോന്‍ അടക്കമുള്ളവര്‍ മലയാളി പെണ്‍കുട്ടിയായി ജാന്‍വി കപൂറിനെ കാസ്റ്റ് ചെയ്തതിനെതിരെ വിമര്‍ശനം അറിയിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കിടയില്‍ ഇടി ഡിജിറ്റലുമായുള്ള അഭിമുഖത്തില്‍ ജാന്‍വി തന്റെ കഥാപാത്രത്തിന്റെ പശ്ചാത്തലം വ്യക്തമാക്കിയിരിക്കുകയാണ്.
എന്താണ് പരം സുന്ദരി എന്ന സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ജാന്‍വി. "ഞാന്‍ ഒരു അഭിനേതാവ് എന്നതിനേക്കാള്‍ പ്രേക്ഷക എന്ന നിലയില്‍ ഒരു റൊമാന്റിക് കോമഡിക്കായി കാത്തിരിക്കുകയായിരുന്നു. സിനിമ കാണുന്ന സമയമെല്ലാം മുഖത്ത് പുഞ്ചിരി പരത്തുന്ന ഒരു ചെറിയ റൊമാന്റിക് ചിത്രം. എന്റെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവസരം നല്‍കിയ ഒരു സിനിമ കൂടിയാണിത്", ജാന്‍വി പറഞ്ഞു.
"തീര്‍ച്ചയായും ഞാന്‍ ഒരു മലയാളിയല്ല. എന്റെ അമ്മയും അല്ല. പക്ഷെ എന്റെ കഥാപാത്രം പകുതി തമിഴും പകുതി മലയാളിയുമാണ്. ആ ഭൂപ്രദേശത്തോടും സംസ്‌കാരത്തോടും എനിക്ക് വലിയ താല്‍പര്യമുണ്ട്. കൂടാതെ മലയാള സിനിമയുടെ വലിയ ആരാധികയാണ് ഞാന്‍. പരം സുന്ദരി വളരെ രസകരമായൊരു കഥയാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്", എന്നും താരം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ നിന്നും ഉള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയ കഥയാണ് പരം സുന്ദരി. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കൂടാതെ രാജീവ് ഖണ്ഡേല്‍വാള്‍, ആകാശ് ദഹിയ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററിലെത്തും.