ദൈർഘ്യം കൂടി; 'ജയിലർ 2'ലെ കാമിയോ സീനുകൾ വെട്ടി?

മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ
ശിവ രാജ്‌കുമാർ, മോഹൻലാൽ, വിജയ് സേതുപതി
ശിവ രാജ്‌കുമാർ, മോഹൻലാൽ, വിജയ് സേതുപതിSource: X
Published on: 
Updated on: 

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന 'ജയിലർ 2'നായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. പാൻ ഇന്ത്യൻ തലത്തിൽ വലിയ അഡ്വാൻസ് ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. രജനിക്ക് പുറമേ മോഹൻലാൽ, ശിവ രാജ്‌കുമാർ, വിദ്യാ ബാലൻ, വിജയ് സേതുപതി എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ചില സർപ്രൈസ് കാമിയോകളും ഉണ്ടാകും.

തങ്ങളുടെ പ്രിയ താരങ്ങളുടെ മാസ് പ്രകടനങ്ങൾ ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇവരെ നിരാശരാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദൈർഘ്യം കൂടിയതിനാൽ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയെന്നാണ് റിപ്പോർട്ടുകൾ. ചില കാമിയോ സീനുകൾ വെട്ടിച്ചുരുക്കിയതായാണ് സൂചന.

ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ചിത്രത്തിലെ സന്താനത്തിന്റെ ഭാഗങ്ങൾ പൂർണമായും ഒഴിവാക്കി. വിജയ് സേതുപതിയുടെ കാമിയോ രണ്ട് മിനുട്ടിൽ താഴെയായി ചുരുക്കുകയും ചെയ്തു. രണ്ട് മിനുട്ടിൽ താഴെ മാത്രമേയുള്ളൂ എങ്കിലും, 'ജയിലർ' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിലേക്ക് വഴിതുറക്കുന്നത് വിജയ് സേതുപതിയുടെ കഥാപാത്രമാകും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ മാറ്റങ്ങളെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ശിവ രാജ്‌കുമാർ, മോഹൻലാൽ, വിജയ് സേതുപതി
"അല്ല ബോലലോ, ഇതെന്ത് മലയാളം"; അനിരുദ്ധിനോട് സുരാജ്, കയ്യടിച്ച് ആരാധകർ

വാർത്ത പുറത്തുവന്നതോടെ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. കേരളത്തിൽ ചിത്രത്തിന് ലഭിക്കുന്ന ഗംഭീര അഡ്വാൻസ് ബുക്കിങ്ങിന് ഒരു പ്രധാന കാരണം ചിത്രത്തിലെ മോഹൻലാലിന്റെ സാന്നിധ്യമാണ്. നടന്റെ ഭാഗങ്ങൾ വെട്ടിച്ചുരുക്കിയാൽ അത് കേരള ബോക്സ് ഓഫീസിൽ സിനിമയുടെ കളക്ഷനെ വലിയ തോതിൽ ബാധിച്ചേക്കും. എന്നാൽ, നിലവിൽ അത്തരത്തിൽ സൂചനകളൊന്നുമില്ലെന്ന് മാത്രമല്ല, ചിത്രത്തിൽ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് നിർണായക സ്ഥാനമാകുമെന്നാണ് വിവരം.

ഒക്ടോബർ 15നാണ് 'ജയിലർ 2' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമയുടെ നിർമാണം. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന 'ജയിലർ 2'വിന് യുഎ16+ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനുട്ടാണ് സിനിമയുടെ ദൈർഘ്യം.

News Malayalam 24x7
newsmalayalam.com