എന്താണ് 'ഐ ആം ഗെയിം’ എന്ന ടൈറ്റിലിന്റെ അർഥം? വിശദീകരിച്ച് ജേക്സ് ബിജോയ്

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് നഹാസ് ഹിയാദത്ത് ഒരുക്കിയ 'ഐ ആം ഗെയിം’
എന്താണ് 'ഐ ആം ഗെയിം’ എന്ന ടൈറ്റിലിന്റെ അർഥം? വിശദീകരിച്ച് ജേക്സ് ബിജോയ്
Published on
Updated on

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ മൂന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും നടന്നത്. പ്രീ റിലീസ് ഇവന്റ് വേദിയിൽ വച്ച്, ചിത്രത്തിന്റെ പേരിനെ കുറിച്ചും സംവിധായകൻ നഹാസ് ഹിദായത്തിനെക്കുറിച്ചും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ തയ്യാറായ, എന്തിനേയും നേരിടാൻ തയ്യാറായ ആൾ എന്ന അർഥമാണ് 'ഐ ആം ഗെയിം' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ജേക്‌സ് പറഞ്ഞു. 'ഐ ആം ഗെയിം' എന്ന ടൈറ്റിലിന് ഏറ്റവും ഉചിതമായ വ്യക്തിയാണ് നഹാസ് ഹിദായത്ത് എന്നും ഒരു വ്യക്തിക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിക്കാൻ പറ്റുമോ, അതൊക്കെ സഹിച്ച വ്യക്തിയാണ് നഹാസ് എന്നുമാണ് ജേക്സ് ബിജോയ് പറഞ്ഞത്. സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ നഹാസ് നടത്തിയ പരിശ്രമങ്ങളെയും അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകളെയും സൂചിപ്പിക്കുന്നതാണ് ജേക്സിന്റെ വാക്കുകൾ. നഹാസ് സംവിധാന സഹായിയായി ജോലി ചെയ്യുന്ന കാലം മുതൽ തനിക്ക് അദ്ദേഹത്തെ അറിയാം എന്നും, 10 വർഷത്തോളം നീണ്ട ആ പരിചയത്തിൽ, സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നഹാസ് നേരിട്ട വെല്ലുവിളികളും അതിനെ എങ്ങനെയാണ് തരണം ചെയ്തത് എന്നും അടുത്ത് നിന്ന് കാണാൻ സാധിച്ച സുഹൃത്താണ് താനെന്നും അദ്ദേഹം പറഞ്ഞു. 'ആർഡിഎക്സ്' എന്ന നഹാസിന്റെ ആദ്യ ചിത്രം നേടിയ വിജയം ഏറെ അഭിമാനത്തോടെയാണ് താൻ നോക്കി കണ്ടതെന്നും സംഗീത സംവിധായകൻ പറയുന്നു.

എന്താണ് 'ഐ ആം ഗെയിം’ എന്ന ടൈറ്റിലിന്റെ അർഥം? വിശദീകരിച്ച് ജേക്സ് ബിജോയ്
"മൂന്ന് ദിവസമെടുത്തു ആ ഷോട്ടിന്"; ഓഡിയോ ലോഞ്ചിൽ മിഷ്കിൻ 'ഐ ആം ഗെയിം' ക്ലൈമാക്സ് വെളിപ്പെടുത്തി? നെറ്റിചുളിച്ച് ദുൽഖർ ആരാധകർ

ആദ്യ ചിത്രം ഒരുക്കുന്നതിനായി നടത്തിയ പരിശ്രമവും അത് മുടങ്ങി പോയതും, ശേഷം വ്യക്തിജീവിതത്തിൽ അച്ഛന്റെ വിയോഗം ഉണ്ടാക്കിയ വേദനയും എല്ലാം തരണം ചെയ്താണ് നഹാസ് 'ആർഡിഎക്സ്' എന്ന വലിയ ഹിറ്റ് ഒരുക്കിയത് എന്ന് ജേക്സ് പറഞ്ഞു. 'ഐ ആം ഗെയിമി'ന്റെ കഥ രണ്ടര വർഷം മുമ്പ് കേൾക്കുമ്പോൾ മുതൽ താൻ ആവേശഭരിതനാണ് എന്നും ജേക്സ് ബിജോയ് വെളിപ്പെടുത്തി. താനും നഹാസും അടുത്തടുത്ത നാട്ടിൽ ഉള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ ഒരു ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവന്റും വലിയ ആഘോഷമായിരുന്നു. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ പതിനായിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. ജേക്സ് ബിജോയ് ഉൾപ്പെടെയുള്ള സംഗീതസംഘവും വേടൻ, അർമാൻ മാലിക് തുടങ്ങിയ ഗായകരും ഇവൻ്റ് വേദിയിൽ പ്രകടനങ്ങളുമായി തിളങ്ങി.

എന്താണ് 'ഐ ആം ഗെയിം’ എന്ന ടൈറ്റിലിന്റെ അർഥം? വിശദീകരിച്ച് ജേക്സ് ബിജോയ്
മ്യൂസിക് റൈറ്റ്സിന് 12.5 കോടി! റെക്കോർഡിട്ട് ദുൽഖർ ചിത്രം 'ഐ ആം ഗെയിം'

ചിത്രത്തിലെ ‘ലൂസർ’, 'മഴവില്ലായെ ' എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ തന്നെയാണ് 'ലൂസർ' ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ദുൽഖർ സൽമാന്റെ 40ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വമ്പൻ പ്രതികരണം ആണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന തിയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്.

ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ

News Malayalam 24x7
newsmalayalam.com