

കൊച്ചി: വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് പി.ടി. ആശയാണ് ഇന്ന് ഹർജി പരിഗണിച്ചത്. സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് നാളത്തേക്ക് മാറ്റിയത്. ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പുനഃപരിശോധിക്കാനായി റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോർഡിന്റെ തീരുമാനത്തിനെതിരെയാണ് ഹർജി.
ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ് ‘ജന നായകൻ’.
നേരത്തെ സിനിമ കണ്ട എക്സാമിനിങ് കമ്മിറ്റി, ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന നിബന്ധനയോടെ 'യുഎ 16+' സർട്ടിഫിക്കറ്റ് ശുപാർശ ചെയ്തിരുന്നു. നിർമാതാക്കൾ ഈ നിർദേശങ്ങൾ പാലിക്കുകയും ചെയ്തു. എന്നാൽ, സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു വ്യക്തി നൽകിയ പരാതിയെത്തുടർന്ന് സെൻസർ ബോർഡ് ചിത്രം വീണ്ടും പരിശോധിക്കാനായി റിവൈസിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് കെവിഎസ്എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചത്.
സിനിമ ഇതുവരെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, സിനിമ കാണാത്ത ഒരാൾ എങ്ങനെ പരാതി നൽകുമെന്നാണ് നിർമാതാക്കൾ ചോദിക്കുന്നത്. 'ജന നായക'നിൽ മതവികാരങ്ങളെയും സൈന്യത്തെയും അധിക്ഷേപിക്കുന്ന ഭാഗങ്ങൾ ഉണ്ടെന്ന പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും അവർ വാദിക്കുന്നു. ഏകദേശം 500 കോടി രൂപ മുതൽമുടക്കിയ ചിത്രമാണിതെന്നും ലോകമെമ്പാടുമുള്ള 5,000ത്തിലധികം സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിട്ടുണ്ടെന്നും നിർമാതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരശരൻ കോടതിയെ അറിയിച്ചു. റിലീസ് വൈകുന്നത് പൈറസിക്കും വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇതിനോടകം തന്നെ മറ്റ് 24 രാജ്യങ്ങളിൽ സെൻസർ ക്ലിയറൻസ് നേടിയിട്ടുണ്ട് എന്ന കാര്യവും നിർമാതാക്കൾ ചൂണ്ടിക്കാട്ടി.
ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
'ജന നായക'ന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.