ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയറിലാണ് പ്രവേശിപ്പിച്ചത്. ഭാരതിരാജയുടെ നില തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഡിസംബർ 27ന് ആണ് ഭാരതിരാജയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി അഞ്ചിന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, ഭാരതിരാജയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സ തുടരും. കടുത്ത ശ്വാസകോശ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവയവങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുള്ള ചികിത്സകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘം നടത്തിവരികയാണ്. മുൻപ് ജനുവരി മൂന്നിന് പുറത്തിറക്കിയ ബുള്ളറ്റിനിൽ, ചികിത്സയോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു.
2025ൽ, മകൻ മനോജ് 48ാം വയസിൽ അന്തരിച്ചത് ഭാരതിരാജയ്‌ക്ക് വലിയ ആഘാതമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മനോജിന്റെ അന്ത്യം. താജ്മഹൽ, സമുദ്രം, അല്ലി അർജുന തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനായിരുന്നു മനോജ്.
1977ൽ റിലീസ് ആയ '16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജയുടെ സിനിമാ പ്രവേശം. കിഴക്കേ പോഗും റെയിൽ, സിഗപ്പ് റോജാക്കൾ, അലൈകൾ ഓയ്‌വതില്ലൈ, മുതൽ മര്യാദൈ തുടങ്ങി 40ഓളം ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2020ൽ പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. 2023ൽ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ 'മോഡേൺ ലവ് ചെന്നൈ' എന്ന ആന്തോളജി സീരീസിലെ 'പറവൈ കൂട്ടിൽ വാഴും മാനുകൾ'എന്ന എപ്പിസോഡ് സംവിധാനം ചെയ്തിരുന്നു.
അഭിനേതാവ് എന്ന നിലയിലും വെള്ളിത്തിരയിൽ സജീവ സാന്നിധ്യമാണ് ഭാരതിരാജ. ആദ്യകാലങ്ങളിൽ തന്റെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം, പിൽക്കാലത്ത് വളരെ ശക്തമായ സ്വഭാവ വേഷങ്ങളിലൂടെ അഭിനയരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ആയുധ എഴുത്ത്, പാണ്ഡ്യ നാട്, കുരങ്ങ് ബൊമ്മൈ, തിരുച്ചിട്രമ്പലം, മഹാരാജ, റോക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മോഹൻലാൽ - ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'തുടരും' ആണ് അവസാനം അഭിനയിച്ച ചിത്രം. ചലച്ചിത്ര ലോകത്തെ സംഭാവനകൾ പരിഗണിച്ച് 2004ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.