

ദളപതി വിജയ് നായകവേഷത്തിൽ തിളങ്ങുന്ന കരിയറിലെ അവസാന ചിത്രം 'ജനനായകൻ്റെ' ഇടിവെട്ട് ട്രെയ്‌ലർ പുറത്ത്. വിജയ് ദളപതി എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മാസ്സ് വില്ലനായി ബോബി ഡിയോൾ തിളങ്ങുന്നുണ്ട്. സൈന്യത്തിൽ ചേരാൻ പരിശീലിക്കുന്ന വിജയ്‌യുടെ സഹോദരിയുടെ വേഷത്തിൽ മമിതാ ബൈജുവും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണ് ജനനായകൻ. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. അതിനാൽ തന്നെ ജനനായകനായി പ്രേക്ഷകരുടെ കാത്തിരിപ്പ് തുടരുകയാണ്.
ഇന്ത്യൻ സിനിമാ താരങ്ങളിലെ തന്നെ മികവുറ്റ താരമായ വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന കാഴ്ചയാണ് സിനിമാ ലോകം കണ്ടത്. ഈ സിനിമയോടെ ദശകങ്ങളോളം നീണ്ടുനിന്ന സിനിമാ യാത്രയ്ക്ക് ഔപചാരികമായ വിരാമം കുറിക്കുകയാണ് ദളപതി വിജയ്.
2024 ഫെബ്രുവരിയിലായിരുന്നു വിജയ് സ്വന്തം പാർട്ടി പ്രഖ്യാപിച്ചത്. ജനനായകനു ശേഷം അഭിനയിക്കില്ലെന്നും പൂർണമായും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകൻ 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ.