കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന യാഷ് ചിത്രത്തിലെ കഥാപാത്രാവിഷ്‌കാരങ്ങൾ ഓരോന്നായി പ്രേക്ഷകർക്കു മുന്നിലെത്തുമ്പോൾ, സിനിമയുടെ ഇരുണ്ടതും ശക്തവുമായ ലോകം കൂടുതൽ ആഴത്തിലേക്ക് തുറന്നുകാട്ടുകയാണ്. കിയാര അദ്വാനി അവതരിപ്പിച്ച നാദിയ, ഹുമ ഖുറേഷിയുടെ എലിസബത്ത്, നയൻതാരയുടെ ഗംഗ എന്നീ ശക്തമായ കഥാപാത്രങ്ങൾക്ക് പിന്നാലെ, ആകർഷകവും നിഗൂഢവുമായ റെബേക്കയായി താര സുതാര്യയെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പാൻ-ഇന്ത്യൻ സിനിമാരംഗത്തേക്കുള്ള താര സുതാര്യയുടെ ആദ്യ ചുവടുവയ്പ്പാണിത്. ഉയർന്ന തലത്തിലുള്ള ആക്ഷനും ശക്തമായ നാടകീയ മുഹൂർത്തങ്ങളും ആഴമേറിയ കഥാപശ്ചാത്തലവും ചേർന്ന ‘ടോക്സിക്’ പാൻ-ഇന്ത്യ സിനിമാനുഭവമാവുമെന്ന് ഈ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ സൂചിപ്പിക്കുന്നു.
റെബേക്ക എന്ന കഥാപാത്രം ആഡംബരവും സൗന്ദര്യവും ഒരുപോലെ കൈവശം വയ്ക്കുന്ന, എന്നാൽ അകമേ തകർന്നുനിൽക്കുന്ന ഒരാളാണ്. അധികാരവും ആയുധങ്ങളും സ്വന്തം അവകാശംപോലെ കൈകാര്യം ചെയ്യുന്ന റെബേക്ക, സ്വയം സംരക്ഷണത്തിനുള്ള സ്വാഭാവിക ബുദ്ധിയും ശക്തമായ ആത്മവിശ്വാസവും പുലർത്തുന്നു. പുറത്തിറക്കിയ ആദ്യ പോസ്റ്ററിൽ, സൗന്ദര്യവും ഭീഷണിയും ഒരേസമയം നിറഞ്ഞ റെബേക്കയെ കാണാം. സൗന്ദര്യറാണി ഇമേജിൽ നിന്ന് പൂർണമായും മാറി, കരുത്തിനൊപ്പം അസ്ഥിരതയും നിറഞ്ഞ ഈ കഠിന ലോകത്തിലേക്ക് താര സുതാര്യ ധൈര്യത്തോടെ കടന്നുവരുന്നതാണ് ‘ടോക്സിക്’ നൽകുന്ന ഏറ്റവും വലിയ വാഗ്ദാനം.
റെബേക്കയായി താര സുതാര്യയെ കുറിച്ച് സംവിധായിക ഗീതു മോഹൻദാസ് ഇപ്രകാരം പറയുന്നു: “താരയെ സംരക്ഷിക്കണമെന്നൊരു സ്വാഭാവിക വികാരം എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അവൾ അധികം സംസാരിക്കാറില്ല, പക്ഷേ വളരെ ആഴത്തിൽ നിരീക്ഷിക്കുന്ന ഒരാളാണ്. അവൾക്ക് ആവശ്യമായ സ്വാതന്ത്ര്യവും ഇടവും നൽകി മുന്നോട്ടുപോകാൻ അനുവദിച്ചപ്പോഴാണ് അത്ഭുതകരമായ പ്രകടനം പിറന്നത്.” യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം, ഗീതു മോഹൻദാസിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്.
കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം, ഈദ്, ഉഗാദി, ഗുഡി പാഡ്വ ഉത്സവങ്ങളോടൊപ്പം 2026 മാർച്ച് 19ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. പിആർഒ പ്രതീഷ് ശേഖർ.