ഇല്യുമിനാറ്റിയല്ല, ഗ്രാന്‍ഡ് മാസ്റ്റർ; സിനിമയിലെ കൂബ്രിക്ക് കോഡ്

ചെറിയ തെറ്റുകൾക്കും വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ചെസിൽ നിന്നാണ് കൂബ്രിക്ക് പഠിച്ചത്
സ്റ്റാന്‍ലി കൂബ്രിക്ക് | Stanley Kubrick
സ്റ്റാന്‍ലി കൂബ്രിക്ക്Source: News Malayalam 24x7
Published on

ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. 1969 ജൂലൈ 20. ബഹിരാകാശ ദൗത്യങ്ങളിൽ മുന്നിൽ നിന്നിരുന്ന സോവിയറ്റ് യൂണിയനെ ഞെട്ടിച്ചുകൊണ്ട് യുഎസിന്റെ അപ്പോളോ 11 ചന്ദ്രനിൽ ലാൻഡ് ചെയ്തു. നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ നടന്നു. തെളിവായി യുഎസ് വീഡിയോയും പുറത്തുവിട്ടു. ശാസ്ത്ര ലോകം ഈ നേട്ടത്തിന് കയ്യടിച്ചപ്പോൾ ഒരു വിഭാഗം സംശയിച്ചു നിന്നു. സംശയങ്ങൾ അങ്ങനെ ഉള്ളിൽ വയ്ക്കാൻ പറ്റില്ലല്ലോ? ചന്ദ്രനിൽ എങ്ങനെ അമേരിക്കൻ കൊടി പാറി എന്നതടക്കം പല ചോദ്യങ്ങളും പരന്നു. ഇത്രയും പെർഫെക്ഷനിൽ, ഇത്രയും ക്രിയേറ്റീവായി ആര് ഷൂട്ട് ചെയ്യാനാണ് എന്ന് ലോകം തിരിച്ചു ചോദിച്ചു? ഗൂഢാലോചനാ സിദ്ധാന്തക്കാർ സംശയമില്ലാതെ പറഞ്ഞു. അതയാൾ തന്നെ... കൂബ്രിക്ക്, സ്റ്റാൻലി കൂബ്രിക്ക്!

അന്തർമുഖനായ ഫോട്ടോഗ്രാഫർ!

ഇൻട്രോവേർട്ടും നാണംകുണുങ്ങിയുമായ ഒരു പയ്യൻ. പഠനത്തിൽ ഡി പ്ലസ് ഗ്രേഡിനപ്പുറം അവന് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ ഒരു കാര്യത്തിൽ അവൻ മികച്ച് നിന്നു. ഫോട്ടോഗ്രഫി. ഹൈസ്കൂളിലെ ഫോട്ടോഗ്രഫി ക്ലബിൽ കൂബ്രിക്ക് ചെരുന്നത് അങ്ങനെയാണ്. അവൻ സ്കൂൾ മാഗസീനു വേണ്ടി ഫോട്ടോകൾ എടുക്കാൻ തുടങ്ങി. സമയം കിട്ടുമ്പോൾ ഡബിൾ ഫീച്ചറുകൾ കാണാൻ ക്ലാസ് കട്ടടിക്കാനും.

1945ൽ ഗ്രാജുവേറ്റ് ചെയ്തെങ്കിലും മോശം ഗ്രേഡ് കാരണം കൂബ്രിക്കിന് തുടർന്ന് പഠിക്കാൻ സാധിച്ചില്ല. അമേരിക്കൻ സ്കൂൾ വിദ്യാഭ്യാസം ആ ക്രിട്ടിക്കൽ തിങ്കറെ കണ്ടില്ല. പക്ഷെ മറ്റൊരാൾ കണ്ടു. ജാക്വസ് ക്രൂബിക്ക്, സ്റ്റാൻലിയുടെ പിതാവ്. മകൻ സ്കൂളിങ്ങിൽ പരാജയപ്പെട്ടതിൽ നിരാശനായിരുന്നെങ്കിലും സ്റ്റാൻലിയുടെ കഴിവിൽ ജാക്കിന് പൂർണ വിശ്വാസമുണ്ടായിരുന്നു. വീട്ടിലെ ലൈബ്രറിയിലിരുന്ന് വായിക്കാൻ ജാക്ക് സ്റ്റാൻലിയെ പ്രോത്സാഹിപ്പിച്ചു. ഫോട്ടോഗ്രഫി ഗൗരവമായി കാണാൻ പറഞ്ഞു. സ്റ്റാൻലി അത് അനുസരിച്ചു.

ഇതാണ് സ്റ്റാൻലിയെ ലുക്ക് മാഗസീനിൽ എത്തിക്കുന്നത്. 1946 മുതൽ 1950 വരെ അദ്ദേഹം ലുക്ക് മാഗസിനിൽ ഫോട്ടോഗ്രാഫറായിരുന്നു. ഫ്രീലാൻസറായിട്ടായിരുന്നു തുടക്കം. പിന്നീട് അപ്രന്റീസ് ഫോട്ടോഗ്രാഫറായി. ലുക്കിൽ വന്ന കൂബ്രിക്കിന്റെ ആദ്യ ഫോട്ടോ സീരിസ് തന്നെ വ്യത്യസ്തമായിരുന്നു. ഒരു മൂവി ബാൽക്കണിയിൽ ഇരിക്കുന്ന കമിതാക്കൾ. അവർ തമ്മിൽ വഴക്കാകുന്നു. യുവതി യുവാവിന്റെ ചെകിട്ടത്തടിക്കുന്നു. ഇതായിരുന്നു, 'എ ഷോർട്ട് സ്റ്റോറി ഫ്രം എ മൂവി ബാൽക്കണി.' ഫോട്ടോഗ്രാഫുകളിലൂടെ കഥ പറഞ്ഞ കൂബ്രിക്ക് വളരെ പെട്ടെന്ന് ആ മേഖലയിൽ ശ്രദ്ധേയനായി. 1947ൽ ലുക്ക് മാഗസീന്‍ കൂബ്രിക്കിനെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി നിയമിച്ചു.

സ്റ്റാന്‍ലി കൂബ്രിക്ക് | Stanley Kubrick
ഇതും ഇറാനാണ്... മനുഷ്യരിലേക്കുള്ള ക്ലോസ് അപ്; അബ്ബാസ് കിരോസ്താമിയുടെ സിനിമാ ജീവിതം

ചെസ് പ്ലെയർ, പെർഫെക്ഷനിസ്റ്റ്

1951ൽ സ്റ്റാൻലി കൂബ്രിക്ക് തന്റെ ആദ്യത്തെ രണ്ട് ഹ്രസ്വ ഡോക്യുമെന്ററികൾ നിർമിച്ചു. ഇതൊരു വിജയമായതോടെ ലുക്കിലെ ജോലി കൂബ്രിക്ക് അങ്ങ് വിട്ടു. ഫീച്ചർ ഫിലിമായിരുന്നു അടുത്ത ലക്ഷ്യം. കുബ്രിക്കിന്റെ ആദ്യ ഫീച്ചർ 52ൽ ഇറങ്ങിയ 'ഫിയർ ആൻഡ് ഡിസയർ' ആയിരുന്നു. എന്നാൽ ആദ്യ 'കൂബ്രിക്ക് സിനിമ' 1956ൽ ഇറങ്ങിയ 'ദ കില്ലിങ്' ആണ്. അതിസാഹസികമായി ഒരു റേസ്‌ട്രാക്ക് കൊള്ള ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അഞ്ച് അംഗ സംഘത്തിന്റെ കഥ. റാഷമോൻ സ്റ്റൈലിൽ നോൺ ലീനിയറായിട്ടായിരുന്നു ആഖ്യാനം. ഈ സിനിമ പിന്നീട് പല സംവിധായകരെയും, എന്തിന് പറയുന്നു ഹീസ്റ്റ് ഴോണറിനെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. ടാരന്റീനോയുടെ 'റിസർവോയർ ഡോഗ്സ്', 'ഓഷൻസ് ഇലവൻ', നോളന്റെ 'ഡാർക്ക് നൈറ്റിലെ' ബാങ്ക് കൊള്ള എന്നിവ ഈ നിരയിൽപ്പെട്ടതാണ്.

കൂബ്രിക്ക് ഒരു മികച്ച ചെസ് പ്ലെയറായിരുന്നു. തെറ്റുകൾക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ചെസിൽ നിന്ന് കൂബ്രിക്ക് പഠിച്ചു. ഇതാണ് കൂബ്രിക്കിനെ ഒരു പെർഫെക്ഷനിസ്റ്റാക്കിയത്. 'ദ കില്ലിങ്' മുതൽ 'ഐസ് വൈഡ് ഷട്ട്' വരെയുള്ള ഓരോ സിനിമകളുടെയും ക്രാഫിറ്റിനു പിന്നിൽ അത് കാണാം.

മനുഷ്യൻ എന്ന ഒറ്റ സ്പെസിമനിൽ നിന്നാണ് കൂബ്രിക്ക് കഥകൾ പറഞ്ഞത്. കഥ നടക്കുന്ന ചുറ്റുപാടുകൾ മാറിക്കൊണ്ടിരുന്നു എന്നുമാത്രം. ചിലപ്പോൾ ബഹിരാകാശത്തിന്റെ വിശാലതയിൽ, മറ്റുചിലപ്പോൾ പട്ടാള ബാരക്കിൽ, അതുമല്ലെങ്കിൽ നാഗരികതയുടെ മിഥ്യാധരണകളെ പൊളിക്കുന്ന ഒരു ഡിസ്റ്റോപ്യൻ സമൂഹത്തിൽ... ഈ സിനിമകളിൽ നിന്ന് മൂന്നെണ്ണം മാത്രമെടുത്ത് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. '2001 സ്പേസ് ഒഡീസി', 'ഫുൾ മെറ്റൽ ജാക്കറ്റ്', പിന്നെ 'എ ക്ലോക്ക്‌വ‍‍ർക്ക് ഓറഞ്ചും'.

സ്റ്റാന്‍ലി കൂബ്രിക്ക് | Stanley Kubrick
നിങ്ങള്‍ ലിഞ്ചിയനാണോ? കാലാവസ്ഥാ റിപ്പോർട്ടുകള്‍ പോലും ക്രിയേറ്റീവ് ടൂളാക്കിയ സംവിധായകന്റെ കഥ

2001 സ്പേസ് ഒഡീസി, വിഷ്വൽ സിംഫണി

സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ആർതർ സി. ക്ലാർക്ക് പറഞ്ഞ പ്രകാരമാണ് സ്റ്റാൻലി കുബ്രിക്ക് ഒരു ക്വൂസ്റ്റാ‍ർ ടെലസ്കോപ്പ് വാങ്ങുന്നത്. എന്നിട്ട് അതൊരു ക്യാമറയിൽ ഘടിപ്പിച്ചു. ​ഗ്രഹണ രാത്രികളിൽ ഒന്നിൽ വീട്ടുകാരെയെല്ലാം ബാൽക്കണിയിൽ വിളിച്ചു കൂട്ടി അദ്ദേഹം ടെലസ്കോപ്പിലൂടെ ചന്ദ്രനെ കാണിച്ചു. ഒരു വലിയ റബ്ബർ പന്ത് പോലെ തോന്നിച്ച ചന്ദ്രനെ കണ്ട കൂബ്രിക്കിലെ കുട്ടി ആവേശഭരിതനായി. ആ ആവേശത്തിന്റെ ബാക്കിപത്രമായിരുന്നു - 2001 സ്പേസ് ഒഡീസി.

1964 ജൂലൈയിൽ നാസയുടെ റേഞ്ചർ 7 ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഉയർന്ന റെസല്യൂഷൻ ഫോട്ടോഗ്രാഫുകൾ തിരിച്ചയച്ചു തുടങ്ങി. അതൊരു തുടക്കം മാത്രമാണെന്ന് കൂബ്രിക്കിനും ക്ലാർക്കിനും ബോധ്യമുണ്ടായിരുന്നു. അവർ '2001 സ്പേസ് ഒഡീസി' എഴുതാൻ ആരംഭിച്ചു. ഒരേസമയം തിരക്കഥയായും നോവലായും എഴുതാനായിരുന്നു പദ്ധതി. ക്ലാർക്ക് തന്റെ ആശയം നോവലിൽ വിശദീകരിച്ച് എഴുതിയപ്പോൾ കൂബ്രിക്ക് തന്റെ സ്ക്രീൻപ്ലേയിൽ ഡയലോഗുകൾ ചുരുക്കി. ഒരു വിഷ്വൽ സിംഫണി രചിക്കാനായിരുന്നു കൂബ്രിക്കിന്റെ ലക്ഷ്യം. അതുകൊണ്ടായിരിക്കണം, സിനിമ തുടങ്ങി 25ാം മിനുട്ടിലാണ് ആദ്യ ഡയലോ​ഗ് വരുന്നത്.

മനുഷ്യവംശം കുരങ്ങുകളുടെ പരമ്പരയിൽ നിന്ന് വേർപെട്ട് ഭൂമിയിലെ പ്രബല ജീവിവർഗമായി മാറുന്ന ഘട്ടത്തെ ആവിഷ്കരിക്കാനുള്ള ശ്രമമായിരുന്നു സ്പേസ് ഒഡീസി. നാല് ഭാ​ഗങ്ങളായാണ് ഈ കഥ വേ‍ർതിരിച്ചിരിക്കുന്നത്. മനുഷ്യരാശിയുടെ ഉദയം മുതൽ ചന്ദ്രനിലേക്കും വ്യാഴത്തിലേക്കുമുള്ള ബഹിരാകാശ പര്യവേഷണങ്ങളിലൂടെ കടന്ന് പുനർജന്മം വരെ നീളുന്ന നാല് ഭാഗങ്ങൾ. വായുവിലേക്ക് ഉയരുന്ന എല്ലിൻ കഷണത്തിൽ നിന്ന് സാറ്റലൈറ്റിലേക്കുള്ള ഒറ്റ മാച്ച് കട്ടിൽ കൂബ്രിക്ക് മനുഷ്യ പരിണാമത്തിന്റെ വ്യാപ്തി വരച്ചിട്ടു. മുന്നോട്ടുള്ള യാത്രയിൽ മനുഷ്യൻ നേരിട്ടേക്കാവുന്ന ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. 'HAL 9000' എന്ന മെഷീൻ ഇന്റലിജിൻസ് സംവിധാനത്തിലൂടെയാണ് കുബ്രിക്ക് ഈ പ്രശ്നങ്ങൾ അവതരിപ്പിച്ചത്.

ഡിസ്കവറി വൺ എന്ന ബഹിരാകാശ പേടകത്തെ നിയന്ത്രിക്കുന്നത് അതിന്റെ സെൻട്രൽ നേർവസ് സിസ്റ്റമായ HAL 9000 ആണ്‌. ഈ HAL തകരാറിലാകുകയും ബഹിരാകാശയാത്രികരെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്യുന്നു. യന്ത്രങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ച് ചില ദാർശനിക ചോദ്യങ്ങൾ ഇത് ഉയർത്തി. ആ ചോദ്യങ്ങൾ ഇന്നും ഡമോക്ലസിന്റെ വാള് കണക്കിന് മനുഷ്യന് മുകളിൽ കിടന്നാടുകയാണ്.

ഗ്രീൻ സ്ക്രീനുകൾക്ക് മുൻപുള്ള കാലത്താണ് കൂബ്രിക്ക് ഈ സിനിമ എടുത്തത്. പക്ഷേ അത് കണ്ടാൽ തോന്നില്ല. റിട്രോഫ്ലെക്റ്റീവ് മാറ്റിംഗോടുകൂടിയ ഫ്രണ്ട് പ്രൊജക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൂബ്രിക്ക് പല വിഷ്വൽ എഫക്ടുകളും സാധ്യമാക്കിയത്. ക്യാമറയുടെ മുന്നിൽ ഒരു സെമി ട്രാൻസ്പെരന്റ് മിററും വലത് കോണിൽ,  45 ഡിഗ്രിയിൽ ഒരു സീനറി പ്രൊജക്ടറും സ്ഥാപിക്കും. നേരത്തെ ഷൂട്ട് ചെയ്ത ബാക്ക്​ഗ്രൗണ്ട് പ്രൊജക്ടറിൽ നിന്നും മിററിലേക്ക് പ്രൊജക്ട് ചെയ്യിക്കും. ഇത് ഫ്രെയിമിന്റെ ബാക്ക് ഡ്രോപ്പിലുള്ള സ്ക്രീനിലേക്ക് മിറ‍‍ർ വഴി  പ്രതിഫലിപ്പിക്കും. ഇങ്ങനെയാണ് കൂബ്രിക്ക് ആഫ്രിക്കൻ രംഗങ്ങളും ബഹിരാകാശയാത്രികർ ചന്ദ്രനിൽ നടക്കുന്നതും ചിത്രീകരിച്ചത്. ഇതാണ് ആംസ്ട്രോങ്ങിന്റെ 'മൂൺവാക്ക് ' ഷൂട്ട് ചെയ്തത് കൂബ്രിക്കാണെന്ന് പ്രചരിക്കാനും കാരണം.

റൊട്ടേറ്റിങ് സെറ്റുകളായിരുന്നു ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ബഹിരാകാശ പേടകങ്ങളിലെ ആന്റി ​ഗ്രാവിറ്റി കാണിക്കാനായി കുബ്രിക്കും സംഘവും 360 ഡിഗ്രി കറങ്ങുന്ന ഒരു ഫെറീസ് വീലാണ് നിർമിച്ചത്. ബ്രിട്ടീഷ് വിമാന കമ്പനിയായ വിക്കേഴ്‌സ്-ആംസ്ട്രോങ് എഞ്ചിനീയറിങ് ഗ്രൂപ്പാണ് 30 ടൺ ഭാരമുള്ള ഈ സെറ്റ് നി‍ർമിച്ചത്. 38 അടി വ്യാസവും 10 അടി വീതിയുമുള്ള സെറ്റ്. മണിക്കൂറിൽ പരമാവധി മൂന്ന് മൈൽ വേഗതയിൽ കറങ്ങാൻ കഴിയുന്ന സംവിധാനം. അങ്ങനെ കൂബ്രിക്ക് ബഹിരാകാശയാത്രികരെ ഭൂമിയിൽ തലകീഴായി നടത്തി.

1968 ഏപ്രിൽ മൂന്നിനാണ് കൂബ്രിക്കിന്റെ സ്പേസ് ഒഡീസി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ബഹിരാകാശ യാത്രികർ ചന്ദ്രനിൽ കാലു കുത്തുന്നതിനും ഒരു വർഷം മുൻപാണിതെന്ന് ഓർക്കണം. പക്ഷേ കൂബ്രിക്കിന്റെ ഈ മാസ്റ്റർപീസിന് പ്രതീക്ഷിച്ച വരവേൽപ്പല്ല ലഭിച്ചത്. 242 പേരാണ് ആദ്യ സ്ക്രീനിങ്ങിൽ നിന്ന് ഇറങ്ങിപ്പോയത്. പലർക്കും സിനിമ മനസിലായില്ല. മനസിലാക്കിയവർക്ക് അത് ഒരു ആത്മീയാനുഭവമായി.

സ്റ്റാന്‍ലി കൂബ്രിക്ക് | Stanley Kubrick
ഡേവിഡ് ലീന്‍: സ്പില്‍ബർഗിന്റെ ആശാന്‍, മറ്റുപലരുടെയും

കാണികളെ ആസ്വസ്ഥരാക്കിയ 'എ ക്ലോക്ക്‌വർക്ക് ഓറഞ്ച്'

സ്റ്റാന്‍ലി കൂബ്രിക്ക് തന്റെ ആരാധകരെ അടുത്തതായി കൊണ്ടുപൊയത് ഒരു ഡിസ്റ്റോപ്യന്‍ സമൂഹത്തിലേക്കാണ്. ബീഥോവൻ സിംഫണി ഇഷ്ടമുള്ള അൾട്രാ വയലന്റായ അലക്സിന്റെ ലോകം. അവന്റെയും കൂട്ടുകാരുടെയും അരാജക ജീവിതം. വയലന്‍സിന് മറുമരുന്ന് നൽകുന്ന ഭരണകൂടം. 'എ ക്ലോക്ക്‌വർക്ക് ഓറഞ്ച്' കാണികളെ ആസ്വസ്ഥരാക്കി.

ആന്റണി ബർഗസ് രചിച്ച നോവലായിരുന്നു സിനിമയ്ക്ക് ആധാരം. 1959ൽ, ഇംഗ്ലീഷ്, സാഹിത്യ അധ്യാപകനായിരുന്ന ആന്റണി ബർഗസ് ക്ലാസെടുക്കുന്നതിനിടയിൽ ബോധം കെട്ടുവീണു. പരിശോധിച്ച ഡോക്ടർ ബർഗസിന് ബ്രെയിൻ ട്യൂമറാണെന്നും ഇനി ഒരു വർഷം കൂടിയെ അദ്ദേഹം ജീവനോടെയിരിക്കൂ എന്നും അറിയിച്ചു. പരിഭ്രാന്തനായ ബർഗസ് ഭ്രാന്തമായി എഴുതി. അക്കൂട്ടത്തിൽ ഒന്നായിരുന്നു 'എ ക്ലോക്ക്‌വർക്ക് ഓറഞ്ച്'.

ഈ നോവലിനു പിന്നിലും വളരെ അസ്വസ്ഥമായ ഒരു കഥയുണ്ട്. 1943 ൽ, ബർഗസിന്റെ ആദ്യ ഭാര്യയെ അദ്ദേഹത്തിന്റെ കൺമുന്നിൽവെച്ച് നാല് സൈനികർ പീഡിപ്പിച്ചു. ക്ലോക്ക് വ‍ർക്ക് ഓറഞ്ചിലേക്ക് ബർഗസ് എത്തിയത് ഈ നേരനുഭവത്തിൽ നിന്നാണ്.

ഇത്തരം ഒരു രം​ഗം നിങ്ങൾക്ക് സിനിമയിലും കാണാം. ഒരു എഴുത്തുകാരന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അയാളുടെ ഭാര്യയെ പീഡിപ്പിക്കുന്ന മുഖ്യ കഥാപാത്രമായ അലക്സും കൂട്ടുകാരും. ഈ സീനിൽ അലക്സ് ഒരു പാട്ട് പാടുന്നുണ്ട്. 'സിങ്ങിങ് ഇൻ ദ റെയിനി'ലെ ​ഗാനം. ആ ഗാനം ആദ്യം സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. റിഹേഴ്സലിനിടയിൽ അലക്സിനെ അവതരിപ്പിച്ച മാൽക്കം മക്ഡൊവൽ ഇത് പാടുന്നത് കേട്ട കുബ്രിക്കിന് ആ കോൺട്രാസ്റ്റ് ഇഷ്ടമായി. സന്തോഷവും, നിഷ്കളങ്കതയും, ക്ലാസിക് ഹോളിവുഡ് ശുഭാപ്തിവിശ്വാസവും ചേർന്ന ആ ​ഗാനം കുബ്രിക്ക് സിനിമയിലെ ഭീകര രംഗത്തിലേക്ക് സന്നിവേശിപ്പിച്ചു. ഒരു ക്രൂബ്രിക്കൻ കോൺട്രാസ്റ്റ്.

മക്ഡൊവൽ എന്ന നടനെ പരമാവധി ഉപയോ​ഗിച്ച സിനിമയാണിത്. ആയാളുടെ കണ്ണുകളിലൂടെ പോലും കൂബ്രിക്ക് വയലൻസ് ആവിഷ്കരിച്ചു. ആ കണ്ണുകൾ ഭ്രാന്തിന്റെയും ദുർബലതയുടെയും പ്രതീകമായി. അലക്സിലെ വയലൻസിനെ ഭരണകൂടം ചികിത്സിച്ച് ബേധമാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി അവർ അവന്റെ ആന്തരിക സ്വത്വത്തെ നിയന്ത്രിക്കുന്നു. അലക്സിൽ നിന്ന് 'അവനെ' എടുത്തുമാറ്റുന്നു. ബീഥോവനെയും. വയലൻസും സെക്സും നയൻത് സിം‍ഫണിയും അവനെ വിറളിപിടിപ്പിച്ചു.

സിനിമയിലെ വയലൻസ് വലിയ തോതിൽ വിമർശിക്കപ്പെട്ടു. സിനിമയെ അനുകരിച്ച് കൊലപാതകങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ കൂബ്രിക്ക് ബ്രിട്ടണിൽ നിന്ന് സിനിമ പിൻവലിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മരണം വരെ ഈ സിനിമ ബ്രിട്ടണിൽ സ്ക്രീൻ ചെയ്തിട്ടില്ല. ഒരു ഡിസ്ക്ലേമറിനും ഈ സിനിമ ബാക്കി ആക്കുന്ന അസ്വസ്ഥതയെ നിർവചിക്കാൻ സാധിക്കില്ല. എന്നാൽ ഈ സിനിമയെ ഒഴിവാക്കി ഒരു സിനിഫയലിന് കൂബ്രിക്കിലൂടെ സഞ്ചരിക്കാനും പറ്റില്ല.

വിയറ്റ്നാമിലെ കില്ലിങ് ഫീല്‍ഡുകള്‍

വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കൂബ്രിക്ക് 'ഫുൾ മെറ്റൽ ജാക്കറ്റ്' എടുത്തത്. ഫ്രാൻസിസ് ഫോ‍ർഡ് കപ്പോളയുടെ 'അപ്പോകാലിപ്സ് നൗ'ൽ നിന്നും ഒലിവ‍ർ സ്റ്റോണിന്റെ 'പ്ലറ്റൂണിൽ' നിന്നും വ്യത്യസ്തമായിരുന്നു കൂബ്രിക്കിന്റെ ഈ യുദ്ധവിരുദ്ധ സിനിമ. ഒരു മനുഷ്യൻ എങ്ങനെ തന്റെ സഹജീവിയെ കൊല്ലാൻ സാധിക്കുന്നു? ഈ മനോനിലയെ ആക്ഷേപഹാസ്യത്തിലൂടെയും വിരുദ്ധാർഥങ്ങളിലൂടെയും നിരീക്ഷിക്കാനായിരുന്നു കൂബ്രിക്കിന്റെ ശ്രമം. വെടിയൊച്ചകളും, സ്ഫോടനങ്ങളും, നിലവിളികളും മുഴങ്ങിയ ടിവി സ്ക്രീനുകൾക്ക് മുന്നിൽ അത്താഴത്തിനിരുന്ന അമേരിക്കക്കാരോട് നിങ്ങളുടെ മക്കൾ, സഹോദരങ്ങൾ എങ്ങനെയാണ് കില്ലിങ് മെഷീനുകളായി മാറിയതെന്ന് കൂബ്രിക്ക് പറഞ്ഞു.

ഫുൾ മെറ്റൽ ജാക്കറ്റിനെ രണ്ട് ഭാ​ഗങ്ങളായി തിരിക്കാം. ആദ്യ ഭാ​ഗം നടക്കുന്നത് ഒരു യുഎസ് മറൈൻ ട്രെയിനിങ് ക്യാംപിലാണ്. രണ്ടാം ഭാ​ഗം വിയറ്റ്നാമിലും. എന്നാൽ, ഇംഗ്ലണ്ടിൽ നിന്ന് പുറത്തുപോകാൻ ഇഷ്ടപ്പെടാത്ത കുബ്രിക്ക് വിയറ്റ്നാം ഇംഗ്ലണ്ടിൽ സെറ്റിട്ടു. കേംബ്രിഡ്ജ്ഷെയറിലെ ബാരക്കുകളാണ് യുഎസ് മറൈൻസിന്റെ പാരീസ് ഐലൻഡ് ബൂട്ട് ക്യാംപായത്. ഇവിടെയാണ് നമ്മൾ ആർ. ലീ എർമി അവതരിപ്പിച്ച സർജന്റ് ഹാർട്ട്മാനെ കാണുന്നത്. തന്റെ കീഴിൽ പരിശീലിക്കുന്നവരെ നിരന്തരം അപമാനിക്കുന്ന, തെറിവിളിക്കുന്ന ഹാർട്ട്മാൻ. റിക്രൂട്ടുകളിലെ മനുഷ്യത്വത്തെ പറിച്ചുമാറ്റി അവിടെ അയാൾ കൊലവെറി സ്ഥാപിച്ചു. അയാൾ കുത്തിവെച്ച വയലൻസാണ് ഗോമർ പൈൽ എന്ന റിക്ക്രൂട്ടിന്റെ മനോനിലതെറ്റിക്കുന്നത്. ജീവനെടുക്കുന്നത്. വിയറ്റ്നാമിനെ കില്ലിങ് ഫീൽഡാക്കുന്നത്.

സ്റ്റാന്‍ലി കൂബ്രിക്ക് | Stanley Kubrick
ദൃശ്യങ്ങളിലൂടെ സംസാരിച്ച സിനിമാക്കാരന്‍; ഷാജി എന്‍ കരുണ്‍ എന്ന സംവിധായകന്റെ പിറവി

സിനിമയുടെ രണ്ടാം ഭാ​ഗം 'ജോക്ക‍ർ' എന്ന റിക്രൂട്ടിലൂടെയാണ് വികസിക്കുന്നത്. സമാധാനത്തിന്റെ ചിഹ്നം ജാക്കറ്റിലും 'BORN TO KILL' എന്ന് തന്റെ ഹെൽമറ്റിലും എഴുതിയ ജോക്ക‍ർ. കാൾ യുങ് പറയുന്ന മനുഷ്യനിലെ ദ്വന്ദ്വഭാവം കാണിക്കാനാണിതെന്നാണ് ജോക്ക‍റിന്റെ വിശദീകരണം. അത് തന്നെയാണ് കൂബ്രിക്കും പറയുന്നത്. മനുഷ്യനും യുദ്ധം ചെയ്യുന്ന മനുഷ്യനും തമ്മിലുള്ള വ്യത്യാസം. അവരെയെങ്ങനെ മനുഷ്യത്വരഹിതരായ ഉപകരണങ്ങളാക്കുന്നുവെന്നും അക്രമത്തെ ദേശസ്‌നേഹത്തിന്റെ ലേബലിൽ എങ്ങനെ വിൽക്കുന്നു എന്നതിനേക്കുറിച്ചുമാണ് ഈ സിനിമ.

അതുകൊണ്ട് തന്നെ ഈ സിനിമയിൽ വയലൻസിന് ഒരു പഞ്ഞവുമില്ല. പക്ഷേ ഇത്തരത്തിലുള്ള പല സീനുകളും സിനിമയിൽ നിന്ന് നീക്കം ചെയ്തു. മറൈനുകൾ വിയറ്റ്‌ക്കോങ്ങിന്റെ തലകൊണ്ട് ഫുട്ബോൾ കളിക്കുന്നതായിരുന്നു അതിൽ ഒരു സീൻ. ഒരുപക്ഷേ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ മറൈനുകളുടെ ദുഃസ്വപ്നങ്ങളിൽ ഒന്ന് ഇത്തരത്തിൽ ഒരു രംഗമായിരുന്നിരിക്കാം.

കൂബ്രിക്കിന്റെ സിനിമകളിൽ ഫോക്കസ് പുള്ളറായി പ്രവർത്തിച്ചിരുന്ന ഡഗ്ലസ് മിൽസം ആയിരുന്നു ഫുൾ മെറ്റൽ ജാക്കറ്റിന്റെ ഛായാഗ്രാഹകൻ. ലളിതമായ ഒരു ദൃശ്യ അവതരണമാണ് മിൽസമും കൂബ്രിക്കും രൂപകൽപ്പന ചെയ്തത്. ട്രാക്കിങ്, സ്റ്റെഡിക്യാം ഷോട്ടുകളും സിമിട്രിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള കൂബ്രിക്കിന്റെ സിഗ്നേച്ചർ വൺ-പോയിന്റ് പേ‍ർസ്പെക്ടീവുകളും നിറഞ്ഞ വിഷ്വൽ സ്റ്റൈൽ. ഇത് ഒരുതരത്തിൽ മാറി നിന്നുകൊണ്ട് വീക്ഷിക്കാൻ കാണികളെ സഹായിച്ചു. ഈ മാറിനിന്നുള്ള കാഴ്ചയാണ് കൂബ്രിക്ക് പറയാൻ ശ്രമിച്ച ഐറണിയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

കൂബ്രിക്കിന്റെ അവസാന ചിത്രം ഇറങ്ങുന്നത് 1999ലാണ്. ഐസ് വൈഡ് ഷട്ട്. ഹിപ്നോട്ടിക് ആയ ഒരു പടമാണിത്. നമ്മൾ സൗകര്യപൂർവം പരസ്പര വിശ്വാസം എന്ന മുഖംമൂടി അണിഞ്ഞ് നടക്കുകയാണെന്ന് ഈ സിനിമയിലൂടെ പറഞ്ഞാണ് കൂബ്രിക്ക് വിടവാങ്ങിയത്. അതും സിനിമ ഇറങ്ങി ആഴ്ചകൾക്കുള്ളിൽ. അദ്ദേഹത്തിന്റെ മരണവും ചർച്ചാവിഷയമായി. വലിയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇറങ്ങി. ഹാർട്ടറ്റാക്കല്ല, മറിച്ച് ഒരു മേസോണിക് സാത്താനിക് സംഘടന അദ്ദേഹത്തെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്നാണ് പ്രചരിച്ച കഥകളിൽ ഒന്ന്. കാരണമായി ഇക്കൂട്ടർ വിരൽചൂണ്ടിയത് 'ഐസ് വൈഡ് ഷട്ടിലേക്കും'. ഈ സിനിമ പറയാൻ പാടില്ലാത്ത പല രഹസ്യങ്ങളും പറഞ്ഞുവെന്ന് കോൺസ്പറസി തിയറിസ്റ്റുകൾ കണ്ടെത്തി. അങ്ങനെ മരണത്തിലും കൂബ്രിക്ക് സിനിമാറ്റിക്കായ നിഗൂഢത അവശേഷിപ്പിച്ചു.

ഇനി വഴിയറിയാതെ കൂബ്രിക്കിന്റെ സിനിമകളിലേക്ക് ചെന്നുകയറുന്നവരോട്. ഈ സിനിമകൾക്ക് ഉള്ളിൽ കയറുന്നതുപോലെ എളുപ്പമല്ല പുറത്തിറങ്ങാൻ. അതൊരു രാവണൻകോട്ടയാണ്. ദിക്കറിയാതെ പായുന്ന നിങ്ങൾ ഏതെങ്കിലും ഒരു തിരിവിൽ കൂബ്രിക്കിനേയും കണ്ടെന്നിരിക്കും. അയാൾ നിർവികാരമായി നിങ്ങളെ നോക്കുകയാണ്. ആ നോട്ടത്തിൽ നിന്ന് നിങ്ങൾക്ക് ഉത്തരം വായിച്ചെടുക്കാൻ സാധിക്കില്ല. അതൊരു ജീനിയസിന്റെ കണ്ണുകളാണ്. ഒരു ​ഗ്രാൻഡ് മാസ്റ്ററിന്റെ നോട്ടമാണ്. അയാൾ നിങ്ങളുടെ അടുത്ത നീക്കം എന്തെന്ന് കണക്കുകൂട്ടുകയാണ്. ഇനി ഒരു വഴിയേയുള്ളൂ...GO AND WATCH HIS MOVIES AND FIND YOUR WAY...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com