"100 ശതമാനം തൃപ്തിപ്പെടുത്തുന്ന തിരക്കഥ മലയാളത്തില്‍ നിന്ന് വരുന്നില്ല"; മറ്റു ഭാഷകളില്‍ നിന്ന് നല്ല വേഷങ്ങള്‍ക്കാണ് വിളിക്കുന്നതെന്ന് ജയറാം

മകന്‍ കാളിദാസ് ജയറാമിനൊപ്പം 'ആശകള്‍ ആയിരം' എന്ന ചിത്രത്തിലൂടെയാണ് ജയറാം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
Jayaram
ജയറാംSource : Facebook
Published on

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ഭാഗമായിരിക്കുകയാണ് നടന്‍ ജയറാം. മകന്‍ കാളിദാസ് ജയറാമിനൊപ്പം 'ആശകള്‍ ആയിരം' എന്ന ചിത്രത്തിലൂടെയാണ് ജയറാം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ജയറാമും കാളിദാസും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്തുകൊണ്ട് ജയറാം മലയാളത്തിന് പകരം മറ്റു ഭാഷകളില്‍ അധികം പ്രാധാന്യമില്ലാത്ത സിനിമകളുടെ ഭാഗമാകുന്നു എന്ന ചോദ്യം എപ്പോഴും ഉയര്‍ന്നു വന്നിരുന്നു. അതിനിപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് താരം. 'ആശകള്‍ ആയിരം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാം.

"ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി. എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു", ജയറാം പറഞ്ഞു.

Jayaram
നിര്‍മാതാക്കളുടെ സംഘടനയില്‍ തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്

"തെലുങ്കില്‍ 12 ഓളം സിനിമ ചെയ്തു. ആദ്യം ചെയ്ത സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടമായതുകൊണ്ടാണ് പിന്നീടും വിളിക്കുന്നത്. എന്നെ സംബന്ധിച്ച് ഞാന്‍ അതൊരു ക്രെഡിറ്റ് ആയാണ് കാണുന്നത്. കന്നഡയില്‍ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ പോവുന്നു. കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാന്‍ കഴിയുന്നു. എന്നെ വിളിക്കാവുന്നവയില്‍ ഏറ്റവും നല്ല വേഷങ്ങള്‍ക്കാണ് അവര്‍ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാന്‍ പാടില്ല", എന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. അരവിന്ദ് രാജേന്ദ്രന്‍, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com